തെലുങ്ക് സിനിമയിൽ ഒരു പുത്തൻ അദ്ധ്യായം കുറിച്ചിരിക്കുകയാണ് അല്ലു അർജ്ജുൻ. തെലുങ്ക് സിനിമയിൽ ഇതാദ്യമായാണ് ഒരു നടൻ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടുന്നത്. മലയാളം, തമിഴ്, ഹിന്ദി, കന്നട തുടങ്ങിയ തെന്നിന്ത്യൻ സിനിമാ മേഖലയിൽ പലതവണ പുരസ്‌കാരം നേടിയിട്ടുണ്ടെങ്കിലും തെലുങ്ക് സിനിമയ്‌ക്ക് ഇതൊരു വിദൂര സ്വപ്‌നമായിരുന്നു.
ദേശീയ പുരസ്‌കാര പ്രഖ്യാപനം കുടുംബത്തിനും സഹപ്രവർത്തകർക്കും ഒപ്പമാണ് അല്ലു അർജ്ജുൻ കണ്ടത്. പുരസ്‌കാരനേട്ടത്തിൽ വളരെ വികാരാധീനനായാണ് അല്ലു അർജുൻ പ്രതികരിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ചിരഞ്ജീവി, ജൂനിയർ എൻ.ടി.ആർ തുടങ്ങിയ താരങ്ങളും അല്ലു അർജുന് അഭിനന്ദനങ്ങൾ അറിയിച്ച് എത്തിയിരുന്നു. ഇത് തെലുങ്ക് സിനിമയുടെ അഭിമാന നിമിഷമാണെന്ന് ചിരഞ്ജീവിയും സമൂഹ മാദ്ധ്യമങ്ങളിൽ കുറിച്ചു.
സുകുമാർ സംവിധാനം ചെയ്ത പുഷ്പ ദ റൈസ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അല്ലു അർജുൻ പുരസ്‌കാരാർഹനായത്. 2021 ഡിസംബറിൽ റിലീസ് ചെയ്ത പുഷ്പ ഇന്ത്യയൊട്ടാകെ തരംഗം തീർത്തിരുന്നു.. ഫഹദ് ഫാസിലായിരുന്നു ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തിയത്. ചിത്രത്തിലെ ഗാനങ്ങൾക്ക് ശ്രീദേവി പ്രസാദ് മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരവും സ്വന്തമാക്കി. ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുന്ന വേളയിലാണ് ഈ പുരസ്‌കാര നേട്ടം.
Comments