പ്രമേഹ രോഗികൾ വളരെയധികം ശ്രദ്ധിക്കുന്ന ഒന്നാണ് ഭക്ഷണ ക്രമീകരണം. അന്നജവും ഗ്ലൈസെമിക് ഇൻഡക്‌സ് കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കണമെന്നാണ് പൊതുവെ പ്രമേഹ രോഗികൾക്ക് ഡോക്ടർമാർ നൽകുന്ന നിർദ്ദേശം. മധുരമുണ്ട് എന്ന കാരണത്താൽ പ്രമേഹരോഗികൾ പഴങ്ങൾ കഴിക്കാൻ മടിക്കാറുണ്ട്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടിയേക്കാം എന്ന കാരണത്താലാണ് പഴങ്ങൾ ഒഴിവാക്കുന്നത്.
ഉയർന്ന തോതിൽ പഞ്ചസാരയുടെ അംശം അടങ്ങിയിരിക്കുന്ന പഴങ്ങളാണ് കഴിക്കുന്നതെങ്കിൽ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. എന്നാൽ ഇത് പേടിച്ച് എല്ലാ പഴങ്ങളും ഒഴിവാക്കേണ്ടതില്ലെന്നാണ് വിദഗ്ധർ പറയുന്നത്. പഴങ്ങളിൽ അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിനാൽ തന്നെ പ്രമേഹ രോഗികൾക്ക് കഴിക്കാൻ സാധിക്കുന്ന അഞ്ച് പഴങ്ങൾ ഇവയൊക്കെയാണ്.
ബെറീസ്
സ്‌ട്രോബറി, ബ്ലൂബറി, റാസ്‌ബെറി എന്നിവയിൽ പഞ്ചസാരയുടെ അളവ് വളരെയധികം കുറവാണ്. ആന്റിഓക്‌സിഡന്റുകൾ, നാരുകൾ, വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമാണ് ഈ പഴം. കൂടാതെ ഇവയിൽ കുറഞ്ഞ അളവിൽ കാർബോഹൈഡ്രേറ്റും ഗ്ലൈസെമിക് സൂചികയും അടങ്ങിയിട്ടുണ്ട്. പഞ്ചസാര ചേർക്കാതെ ഓട്‌സിനൊപ്പമോ യോഗർട്ടിനൊപ്പമോ കഴിക്കാവുന്നതാണ്.
ആപ്പിൾ
മറ്റ് പല പഴങ്ങളേക്കാളും ആപ്പിളിൽ പഞ്ചസാരയുടെ അളവ് കുറവാണ്. ധാരാളം ഫൈബറും ആപ്പിളിൽ അടങ്ങിയിട്ടുണ്ട്. ഇത് പഞ്ചസാരയുടെ ആഗിരണം കുറച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ദഹന സംബന്ധമായ പ്രശ്‌നങ്ങൾക്കും ആപ്പിൾ നല്ലതാണ്.
പിയർ പഴം
പിയർ പഴങ്ങളിൽ ഫൈബർ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ധാരളമായി അടങ്ങിയിട്ടുണ്ട്. ഇതിൽ പഞ്ചസാരയുടെ അളവ് കുറവാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ ഇത് സഹായകമാണ്.
മാതളം
മാതള നാരങ്ങയിൽ കുറഞ്ഞ തോതിൽ ഗ്ലൈസെമിക് ഇൻഡക്‌സും ഗ്ലൈസെമിക് ലോഡും അടങ്ങിയിട്ടുണ്ട്. ഇതിന് പുറമേ പഞ്ചസാരയുടെ അളവും കുറവാണ്. ആന്റീഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് മാതളനാരങ്ങ.
ഓറഞ്ച്
വിറ്റാമിൻ സി, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് ഓറഞ്ച്. മറ്റ് പഴങ്ങളെ അപേക്ഷിച്ച് പഞ്ചസാരയുടെ അംശം വളരെയധികം കുറവാണ്.
Comments