ന്യൂഡൽഹി: ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു നാട്ടുരാജാക്കന്മാരുടെ ദൈവിക അവകാശം അംഗീകരിക്കാൻ തയ്യാറായിരുന്നില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിച്ചു. നാട്ടുരാജ്യങ്ങൾ ഇന്ത്യയിൽ ലയിക്കണമെന്ന് ആവശ്യമുയർത്തിയപ്പോൾ ഈ നിലപാടാണ് നെഹ്റു സ്വീകരിച്ചതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രിം കോടതിയിൽ അറിയിച്ചു. ജമ്മു കാശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ സമർപ്പിച്ച ഹർജികളിൽ വാദം കേൾക്കവെയാണ് കേന്ദ്രസർക്കാർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ദൈവഹിതപ്രകാരമാണ് രാജഭരണമെന്ന സങ്കൽപം നെഹ്റു അംഗീകരിച്ചിരുന്നില്ല. എല്ലാം നാട്ടുരാജ്യങ്ങൾക്കും ഒരു പോലെ ബാധകമാകുന്ന കരാറാണ് ലയന സമയത്ത് നടപ്പാക്കിയത്. ജമ്മു കാശ്മീരിന് തുടക്കം മുതൽ പ്രത്യേക പരിഗണന കൊടുത്തിരുന്നുവെന്ന പ്രചാരണം തെറ്റാണെന്നും സോളിസിറ്റർ ജനറൽ വ്യക്തമാക്കി.
ഇന്ത്യയുമായി ലയന കരാർ ഒപ്പുവയ്‌ക്കാത്തത് ജമ്മു കാശ്മീർ മാത്രമല്ലെന്നും വേറെയും നാട്ടുരാജ്യങ്ങളുണ്ടായിരുന്നുവെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. 562 നാട്ടുരാജ്യങ്ങളിൽ ഏതെല്ലാമാണ് ലയനകരാറിൽ ഏർപ്പെടാത്തത് എന്ന് അറിയിക്കാൻ കോടതി കേന്ദ്രസർക്കാറിന് നിർദ്ദേശം നൽകി. ഹർജികളിൽ ആഗസ്റ്റ് 28ന് വാദം തുടരും.
Comments