മലപ്പുറം: തൂവ്വൂർ കൊലപാതകത്തിൽ പ്രതികളെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി പോലീസ്. വിഷ്ണു, സഹോദരങ്ങളായ വൈശാഖ്, വിവേക്, സുഹൃത്ത് മുഹമ്മദ് ഷിഹാൻ എന്നിവരെയാണ് വിഷ്ണുവിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. വീടിനുള്ളിൽ നടന്ന തെളിവെടുപ്പിന് ശേഷം കൊലപാതകം നടത്തിയതെങ്ങനെയെന്ന് പ്രതികൾ പോലീസിന് വിവരിച്ചു നൽകി.
തെളിവെടുപ്പിൽ മൃതദേഹം കുഴിച്ചിടാൻ ഉപയോഗിച്ച ഉപകരണങ്ങളും പോലീസ് കണ്ടെത്തിട്ടുണ്ട്. സുജിതയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ പ്രതികൾ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ജനലിൽ കെട്ടിത്തൂക്കിയ ശേഷമാണ് മരണം ഉറപ്പിച്ചത്. ശേഷം രാത്രിയോടെ വീടിനടുത്തുള്ള വേസ്റ്റ് കുഴിയിൽ മൃതദേഹം മറവ് ചെയ്തു. സുജിതയുടെ ശരീരത്തിൽ ഉണ്ടായിരുന്ന സ്വർണാഭരണങ്ങൾ പ്രതികൾ ജ്വല്ലറിയിൽ വിൽക്കുകയും ചെയ്തു.
വിശദമായ തെളിവെടുപ്പിന് ശേഷം പ്രതികളെ ജീപ്പിൽ കയറ്റവേ സംഭവസ്ഥലത്ത് കൂടി നിന്ന നാട്ടുകാർ അക്രമാസക്തരായി. പ്രതികളെ നാട്ടുകാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ഇതേതുടർന്ന് പോലീസും നാട്ടുകാരും തമ്മിൽ സ്ഥലത്ത് ഉന്തും തള്ളും ഉണ്ടായി. ഇക്കഴിഞ്ഞ പതിനൊന്നാം തീയതിയാണ് സുജിതയെ കാണാതാകുന്നത്. സുജിതയുടെ ഫോൺ കോളുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.
Comments