എറണാകുളം: മിക്സിയുടെ മോട്ടറിന്റെ ഭാഗമെന്ന വ്യാജേന കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. 21 ലക്ഷം രൂപയുടെ സ്വർണമാണ് കസ്റ്റംസ് നെടുമ്പാശേരിയിൽ പിടികൂടിയത്. കുവൈത്തിൽ നിന്നും വന്ന കൊടുവള്ളി സ്വദേശി മുഹമ്മദിൽ നിന്നുമാണ് 422 ഗ്രാം സ്വർണം പിടികൂടിയത്.
ഈ മാസം 20 നാണ് ഇയാൾ എത്തിയത്. ഇയാളുടെ ബാഗേജിനകത്ത് മിക്സിയുടെ മോട്ടറിനുള്ളിലെ ചെമ്പ് കോയിൽ എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ സ്വർണം ഒളിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇത് സ്വർണമാണെന്ന് കണ്ടെത്തുകയായിരുന്നു.
എന്നാൽ ആദ്യം ഇത് സ്വർണമാണെന്ന് സമ്മതിക്കാൻ മുഹമ്മദ് തയ്യാറായില്ല. മാത്രമല്ല ഓണസദ്യയ്ക്ക് സാധനങ്ങളൊരുക്കാൻ കൊണ്ടുവന്ന മിക്സിയാണെന്നും ഉടൻ വിട്ടു തരണമെന്നും ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് വിശദമായി അഴിച്ച് പരിശോധിച്ചപ്പോഴാണ് 24 കാരറ്റ് സ്വർണം, നിറം മാറ്റി ഒളിപ്പിച്ചതാണെന്ന് തെളിഞ്ഞത്.
Comments