കോഴിക്കോട്: വീണ്ടും ദേശവിരുദ്ധതയുമായി എസ്എഫ്‌ഐ. ഇന്ത്യയുടെ ഭൂപടത്തെ അപമാനിച്ചുകൊണ്ടുള്ള പോസ്റ്ററാണ് ക്യാമ്പസിൽ എസ്എഫ്ഐ ഉയർത്തിയിരിക്കുന്നത്. കോഴിക്കോട് സർവകലാശാല ക്യാമ്പസിലാണ് സംഭവം. മോഡിഫൈഡ് ഇന്ത്യ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റർ സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഭൂപടത്തെ അപമാനിച്ചുകൊണ്ട് ചിത്രീകരിച്ചിരിക്കുന്ന പോസ്റ്ററിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഇന്ത്യാ വിരുദ്ധത പ്രകടമാക്കുന്ന പോസ്റ്ററുകളും ബോർഡുകളും ക്യാമ്പസിനുള്ളിൽ നിരന്തരമായി ഉയർത്തുന്ന എസ്എഫ്ഐയുടെ സമീപനത്തിനെതിരെ ശക്തമായ വിമർശനവും ഉയരുന്നുണ്ട്.
ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു പാലക്കാട് വിക്ടോറിയ കോളേജിൽ എസ്എഫ്ഐ പ്രവർത്തകർ ഇന്ത്യാവിരുദ്ധ ബോർഡ് ഉയർത്തിയത്. നവാഗതരെ സ്വാഗതം ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ബോർഡ് പ്രത്യക്ഷപ്പെട്ടത്. ദേശീയത അസഭ്യമാണെന്ന് പറയുന്ന എഴുത്തുകളായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്. നവാഗതരെ സ്വാഗതം ചെയ്യാനെന്ന പേരിൽ വിദ്യാർത്ഥി സംഘടനകൾ ഉയർത്തിയ പോസ്റ്റർ നീക്കം ചെയ്യണമെന്ന് കോളേജ് അധികൃതർ ആവശ്യപ്പെട്ടിരുന്നെങ്കിലും എസ്എഫ്ഐ ഉയർത്തിയ രാഷ്‌ട്രവിരുദ്ധ പോസ്റ്റർ നീക്കം ചെയ്തില്ല. പോസ്റ്ററിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും സംഘടന കടുത്ത വിമർശനം നേരിടുകയും ചെയ്തിരുന്നു.
Comments