ന്യൂഡൽഹി: പൂർണമായി എഥനോളിൽ ഓടുന്ന രാജ്യത്തെ ആദ്യ കാർ നിരത്തിലിറങ്ങാൻ ഇനി ദിവസങ്ങൾ മാത്രം. പ്രമുഖ വാഹന നിർമ്മാതാക്കളായ ടൊയോട്ടയുടെ ഇന്നോവ കാറിന്റെ പുതിയ എഥനോൾ വേരിയന്റ് 29-ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി പുറത്തിറക്കും. ലോകത്തെ ആദ്യത്തെ ഭാരത് സ്റ്റേജ് സിക്സ് ( സ്റ്റേജ് രണ്ട്) ഇലക്ട്രിഫൈഡ് ഫ്ളകസ് ഫ്യുവൽ വെഹിക്കിൾ ആയിരിക്കും ഇത്.
നൂറ് ശതമാനവും എഥനോളിൽ ഓടുന്ന ടൊയോട്ടയുടെ ഇന്നോവ കാർ ചൊവ്വാഴ്ച പുറത്തിറക്കുമെന്ന് ഗഡ്കരി ഒരു ചടങ്ങിനിടെയാണ് സൂചിപ്പിച്ചത്. ബ്രസീലിൽ താൻ നടത്തിയ സന്ദർശനമാണ് ഇതിന് പ്രേരണയായതെന്നും അദ്ദേഹം പറഞ്ഞു. ജൈവ ഇന്ധനങ്ങൾക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാനും പെട്രോളിയം ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത് മൂലമുള്ള ഇറക്കുമതി ചെലവ് കുറയ്‌ക്കാനും ഇത് വഴി സാധിക്കുമെന്നും ഗഡ്കരി പ്രത്യാശ പ്രകടിപ്പിച്ചു.
രാജ്യം സ്വയംപര്യാപ്തത കൈവരിക്കണമെങ്കിൽ എണ്ണ ഇറക്കുമതി പൂജ്യത്തിൽ എത്തിക്കണം. നിലവിൽ 16 ലക്ഷം കോടി രൂപയാണ് ഇറക്കുമതി ചെലവ്. ഇത് സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ നഷ്ടമാണ് വരുത്തിവെയ്‌ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മലിനീകരണം കുറയ്‌ക്കുന്നതിനും എഥനോൾ വാഹനം സഹായകമാകും. സുസ്ഥിര വികസനത്തിലൂടെ പ്രകൃതിക്ക് ദോഷം ചെയ്യാത്ത തരത്തിൽ ഗതാഗത സംവിധാനങ്ങളെ മെച്ചപ്പെടുത്തുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം.
ഓക്‌സിജൻ സമ്പന്നമാണ് എഥനോൾ. അതുകൊണ്ട് തന്നെ ഇത് പൂർണമായും കത്താൻ സഹായിക്കുന്നു. പുക ശല്യത്തിന് അറുതി വരുത്താൻ ഇത് കാരണമാകും. മലിനീകരണം കുറഞ്ഞതും കാര്യക്ഷമവും പുനുൽപ്പാദിപ്പിക്കാനും കഴിയുന്ന ഇന്ധനമാണ് എഥനോൾ. സസ്യങ്ങളിൽ നിന്നാണ് ഇത് ഉരുത്തിരിഞ്ഞു വരുന്നത്.
Comments