മത്തങ്ങ എന്ന് കേട്ടാൽ ആദ്യം ഓർമ വരിക എരിശേരി ആകും. ഏറെ ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് മത്തങ്ങ. ശരീരത്തിന് ആവശ്യമായ ആന്റി ഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ മത്തങ്ങയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ആൽഫാ കരോട്ടിൻ, ബീറ്റാ കരോട്ടിൻ, നാരുകൾ, വിറ്റാമിൻ സി, ഇ, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുടെ കലവറയാണ് മത്തങ്ങ.
വണ്ണം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്കും ദഹനത്തിനും സഹായിക്കുന്ന പച്ചക്കറിയാണ് മത്തങ്ങ. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ഇത് സഹായിക്കും. ഇത്രമാത്രം ആരോഗ്യഗുണങ്ങളുള്ള മത്തങ്ങ വെച്ചുള്ള പായസമായാലോ ഈ ഓണത്തിന്.. കിടിലൻ റെസിപ്പി ഇതാ..
ആവശ്യമായ ചേരുവകൾ
1) നന്നായി പഴുത്ത മത്തൻ-അരക്കിലോ
2) ശർക്കര-250 ഗ്രാം
3) തേങ്ങപ്പാൽ
4) നെയ്യ് -50 ഗ്രാം
5) തേങ്ങാ കൊത്ത്- 3 ടീസ്പൂൺ
6) അണ്ടിപ്പരിപ്പ് ,മുന്തിരി-ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
നന്നായി പഴുത്ത മത്തൻ തൊലി കളഞ്ഞ ശേഷം കുരു നീക്കി കഷണങ്ങളാക്കുക. ഒരു പാത്രത്തിലിട്ട് അൽപം വെള്ളം ഒഴിച്ച് നന്നായി വേവിച്ചെടുക്കുക. വെന്ത ശേഷം ഉടച്ചെടുക്കുക. പാൻ അടുപ്പത്ത് വെച്ച് ചൂടാക്കി അതിലേക്ക് അൽപം നെയ്യ് ഒഴിക്കുക. ഇതിൽ തേങ്ങാ കൊത്തും അണ്ടിപരിപ്പും മുന്തിരിയും വറുത്തു കോരുക. ഇനി പാനിലേക്ക് ഉടച്ചു വച്ച മത്തൻ ചേർക്കുക.
അല്പം കൂടി നെയ്യ് ചേർത്ത് ഇളക്കുക . ഈ സമയം ശർക്കര അല്പം വെള്ളം ചേർത്ത് ഉരുക്കുക. ശേഷം ഉടച്ച മത്തനിലേക്ക് ശർക്കര പാനി ചേർക്കുക. രണ്ട് മിനിറ്റ് നന്നായി ഇളക്കുക ശേഷം രണ്ടാം പാൽ ചേർത്ത് നന്നായി കുറുകുന്നത് വരെ തിളപിപ്പിക്കുക. ശേഷം ഒന്നാം പാൽ ചേർത്തിളക്കി വാങ്ങുക. ഒരു നുള്ള് ഉപ്പും കൂടിചേർക്കുക. ശേഷം വറുത്ത് വെച്ച അണ്ടിപ്പരിപ്പും മുന്തിരിയും ചേർക്കുക. മത്തങ്ങാ പായസം റെഡി.
















Comments