കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്‌ക്കുമെതിരായ മാസപ്പടി വിവാദത്തിലെ ഹർജി കോടതി തളളി. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ഹർജി തളളിയത്. മതിയായ തെളിവുകൾ ഇല്ലാത്തതിനാൽ അന്വേഷണം നടത്താൻ ഉത്തരവിടാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. കുറ്റകൃത്യം നടന്നുവെന്ന് തെളിയിക്കാനുള്ള രേഖകളില്ല. പത്രവാർത്തകളുടെ പേരിൽ കേസെടുത്ത് അന്വേഷണം നടത്താനാവില്ലെന്നും കോടതി കൂട്ടിച്ചേർത്തു. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ ഹർജിയിലാണ് കോടതി നടപടി. സിഎംആർഎൽ എന്ന കരിമണൽ കമ്പനിയിൽ നിന്ന് മുഖ്യമന്ത്രിയും മകളും മാസപ്പടി വാങ്ങിയെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തുവന്നിരുന്നു.
അതേസമയം സിപിഎം മുഖപത്രമായ ദേശാഭിമാനിയിൽ മുഖ്യമന്ത്രിയുടെ മകൾക്ക് ആദായ നികുതി വകുപ്പിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് കഴിഞ്ഞദിവസം മുഖപ്രസംഗത്തിൽ പറഞ്ഞിരുന്നു. എക്‌സാലോജിക് കമ്പനിയ്‌ക്കും ഡയറക്ടർ വീണയ്‌ക്കും 1.72 കോടി രൂപ ലഭിച്ചത് സുതാര്യമായിട്ടാണെന്ന് മുഖപ്രസംഗത്തിൽ പറയുന്നു. വീണയുടെ കമ്പനി സേവനം നൽകിയില്ലെന്ന ആരോപണമാണ് മാദ്ധ്യമങ്ങൾ ഉൾപ്പെടെ വിവാദമാക്കി മാറ്റിയത്. ഈ പ്രസ്താവന സിഎംആർഎൽ പിൻവലിച്ചിരുന്നെങ്കിലും വീണക്കെതിരെ അനാവശ്യ വിമർശനം ഉയർത്തുകയാണെന്നാണ് മുഖപ്രസംഗത്തിൽ പറയുന്നത്.
Comments