ശ്രീനഗർ: ഇന്ത്യയിൽ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ അന്താരാഷ്‌ട്ര ക്രിക്കറ്റ് താരങ്ങൾ ഉപയോഗിക്കുക കശ്മീർ വില്ലോ ബാറ്റുകൾ. ഒക്ടോബറിൽ നടക്കാനിരിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് ടൂർണമെന്റിലാണ് താരങ്ങൾ പ്രസിദ്ധമായ കശ്മീർ വില്ലോ ബാറ്റുകൾ ഉപയോഗിക്കാനൊരുങ്ങുന്നത്. 17 ക്രിക്കറ്റ് താരങ്ങൾ കാശ്മീർ വില്ലോ ബാറ്റുകൾ ഉപയോഗിക്കുമെന്നാണ് റിപ്പോർട്ട്.
കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ സംഗം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ബാറ്റ് നിർമ്മാണ കമ്പനിയായ ജിആർ8 സ്‌പോർട്‌സാണ് വില്ലോ ബാറ്റുകൾ നിർമ്മിക്കുന്നത്. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ ടീമുകളിലെ താരങ്ങൾക്കാണ് കമ്പനി ബാറ്റുകൾ നിർമ്മിച്ചു നൽകുന്നത്. ഇത് കശ്മീരിലെ ബാറ്റ് നിർമ്മാണ മേഖലയ്‌ക്ക് പുത്തൻ ഉണർവ് നൽകുന്നതാണെന്നും കശ്മീരിന്റെ തനതായ കരകൗശല വിദ്യ ലോക പ്രശസ്തി നേടിയിരിക്കുകയാണെന്നും കമ്പനിയുടമ ഫൗസൽ കബീർ പറഞ്ഞു.
സിംബാബ്വെയിൽ നടന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ യുഎഇ, വെസ്റ്റ് ഇൻഡീസ്, ഒമാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളും കശ്മീർ വില്ലോ ബാറ്റുകൾ ഉപയോഗിച്ചിരുന്നു. കശ്മീർ വില്ലോ ബാറ്റുകളുടെ ഉപയോഗം ആഗോള വിപണിയിൽ കുതിച്ചുയർന്നതോടെ 2,00,000 യുവാക്കൾക്ക് തൊഴിൽ ലഭിച്ചതായി ഫൗസൽ കബീർ പറഞ്ഞു.
ജമ്മുകശ്മീരിൽ നിന്ന് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ അംഗീകാരം നേടുന്ന ആദ്യത്തെ ബ്രാൻഡായി മാറിയിരിക്കുകയാണ് കബീറിന്റെ ജിആർ8 സ്‌പോർട്‌സ് കമ്പനി. പൂർണമായും ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ക്രിക്കറ്റ് മാമാങ്കത്തിൽ തങ്ങളുടെ സ്പോർട്സ് ബാറ്റുകൾ ഉപയോഗിക്കുന്നതിനുള്ള ആവേശത്തിലാണ് കബീറും സംഘവും. കഴിഞ്ഞ രണ്ട് വർഷത്തിനിടെ കശ്മീരിൽ നിർമ്മിച്ച 1,85,000 ക്രിക്കറ്റ് ബാറ്റുകൾ വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ട്.
Comments