തിരുവനന്തപുരം: ലാൻഡറിലെയും റോവറിലെയും പ്രൊപ്പൽഷൻ മൊഡ്യൂളിലെയും ശാസ്ത്രീയ ഉപകരണങ്ങൾ അഥവാ പേലോഡ് ശേഖരിക്കുന്ന വിവരങ്ങൾ ലഭിച്ചു തുടങ്ങിയെന്ന് വിഎസ്എസ്‌സി ഡയറക്ടർ ഡോ. എസ് ഉണ്ണികൃഷ്ണൻ നായർ. നിരീക്ഷണങ്ങളും പഠനങ്ങളും പൂർത്തിയാക്കിയതിന് ശേഷം മാത്രമേ ഇവ എത്രമാത്രം ഉപകാരപ്രദമാണെന്ന് മനസിലാകുകയുള്ളുവെന്ന് അദ്ദേഹം വ്യക്തമാക്കി. ചന്ദ്രയാൻ-3യുടെ വിജയത്തിന് ശേഷം തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വിക്രം ലാൻഡറിലെ വിഎസ്എസ്‌സിയുടെ രണ്ട് പേലോഡുകളിൽ ഒന്ന് ചന്ദ്രോപരിതലത്തിൽ നിന്നു നിശ്ചിത ആഴത്തിൽ മണ്ണു കുഴിക്കും. പിന്നാലെ വ്യത്യസ്ത ആഴങ്ങളിലെ താപനില നിരക്ഷിക്കും. ചന്ദ്രോപരിതലത്തിലെ മണ്ണിലുള്ള താപ വിതരണം ഏത് തരത്തിലാണെന്ന് മനസിലാക്കുകയാണ് ഇത് കൊണ്ട് ലക്ഷ്യം വെയ്‌ക്കുന്നത്. ചന്ദ്രനിൽ അന്തരീക്ഷം ഇല്ലെന്നാണ് ഇതുവരെയുള്ള വിലയിരുത്തലുകൾ. എന്നാൽ അവിടെ ഏതെങ്കിലും തരത്തിൽ അന്തരീക്ഷം നിലനിൽക്കുന്നുണ്ടോ എന്ന് ഇലക്ട്രോൺ സാന്ദ്രത പരിശോധിച്ച് വിലയിരുത്തുന്നതിന് വേണ്ടിയാണ് മറ്റൊരു പേലോഡ് ഉപയോഗിക്കുന്നത്.
റോവറിലെ സ്‌പെക്ട്രോസ്‌കോപി ഉപയോഗിച്ച് എന്തൊക്കെ തരത്തിലുള്ള മൂലകങ്ങളുണ്ടെന്ന് കണ്ടെത്തൂ. ഭൂമിയിലെ 14 ദിവസം അഥവാ ഒരു ചാന്ദ്രദിനം മാത്രമാണ് ചന്ദ്രനിൽ തുടർച്ചയായി സൂര്യപ്രകാശം ലഭിക്കുക. ലാൻഡറിലെയും റോവറിലെയും ബാറ്ററി ചാർജ് ചെയ്യുന്നതിനുള്ള പ്രധാന ഊർജ്ജ സ്രോതസ്സ് സൂര്യപ്രകാശമാണ്. 14 ദിവസമുള്ള പരീക്ഷണങ്ങൾ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന് ശേഷം ഇവ പ്രവർത്തിക്കുന്ന തരത്തിലല്ല ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിനാൽ തന്നെ ഈ സമയം കഴിഞ്ഞ് ഇവ പ്രവർത്തിക്കുമോ എന്ന് കണ്ടറിയണമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments