ന്യൂഡൽഹി: ലോക യൂണിവേഴ്‌സിറ്റി ഗെയിംസിൽ മികച്ച പ്രകടനം നടത്തിയ ഇന്ത്യൻ കായിക താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മൻകി ബാത്തിന്റെ 104-ാം എപ്പിസോഡിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി താരങ്ങളെ പ്രശംസിച്ചത്.
‘ലോക യൂണിവേഴ്‌സിറ്റി ഗെയിംസിൽ നമ്മുടെ താരങ്ങൾ എക്കാലത്തെയും മികച്ച പ്രകടനമാണ് ഇത്തവണ നടത്തിയത്. നമ്മുടെ രാജ്യത്തിന്റെ അത്ലറ്റുകൾ 26 മെഡലുകളാണ് രാജ്യത്തിനായി നേടിയെടുത്തത്. അതിൽ 11 ഉം സ്വർണ മെഡലുകളാണെന്ന് അറിയുന്നതിൽ വളരെയധികം സന്തോഷമാണുള്ളത്. 1959 മുതൽ ആരംഭിച്ച ലോക യൂണിവേഴ്‌സിറ്റി ഗെയിംസിൽ ഇതുവരെ ആകെ 18 മെഡലുകൾ മാത്രമാണ് ഇന്ത്യയ്‌ക്ക് നേടാൻ സാധിച്ചിട്ടുള്ളത്. എന്നാൽ ഇത്തവണ 11 സ്വർണം ഉൾപ്പെടെ 26 മെഡലുകളാണ് ഇന്ത്യൻ താരങ്ങൾ നേടിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചൈനയിൽ നടന്ന ലോക യൂണിവേഴ്‌സിറ്റി ഗെയിംസിൽ കരുത്തുറ്റ നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. 11 സ്വർണവും അഞ്ച് വെള്ളിയും 10 വെങ്കലവുമടക്കം 26 മെഡലുകൾ ഇന്ത്യ നേടി. ജൂലൈ 28-നാണ് ചാമ്പ്യൻഷിപ്പ് ആരംഭിച്ചത്. നാല് മെഡലുകൾ നേടിയെടുത്തുകൊണ്ട് ഏറ്റവും മികച്ച ഇന്ത്യൻ അത്‌ലറ്റെന്ന സ്ഥാനം ഐശ്വരി പ്രതാപ് സിംഗ് കരസ്ഥമാക്കി. യൂത്ത് ഒളിംമ്പിക്സിലെ ചാമ്പ്യനായ മനു ഭാക്കർ, സിഫ്റ്റ് കൗർ സമ്ര എന്നിവരും ഒന്നിലധികം സ്വർണ മെഡലുകൾ നേടി ഇന്ത്യയ്‌ക്ക് അഭിമാനമായി.
Comments