ഭുവനേശ്വർ: ചന്ദ്രയാൻ ദൗത്യത്തിന്റെ വിജയത്തിൽ രാജ്യം മുഴുവനും അഭിമാനിക്കുമ്പോൾ വേറിട്ട രീതിയിൽ അഭിമാന ദൗത്യത്തിന് ആദരം അർപ്പിക്കുകയാണ് ഭുവനേശ്വറിലെ ഒരുകൂട്ടം വിദ്യാർത്ഥികൾ. ചന്ദ്രയാൻ-3 ന്റെ മാതൃകയിൽ രാഖി നിർമ്മിച്ചാണ് വിദ്യാർത്ഥികൾ രാജ്യത്തിന്റെ ചാന്ദ്ര പര്യവേക്ഷണ പദ്ധതിയുടെ വിജയത്തിൽ പങ്കുചേർന്നത്. ഒഡീഷയിലെ ആഷാൻയൻ എന്ന ആർട്ട്‌സ് സ്‌കൂളിലെ 230 ഓളം കുട്ടികളാണ് ചന്ദ്രയാന്റെ ദൗത്യം രാഖിയിൽ ഒരുക്കുന്നത്. 500-ലധികം രാഖികളാണ് കുട്ടികൾ ഇതിനോടകം നിർമ്മിച്ച് വിറ്റഴിച്ചത്.
‘ഓരോ ദിവസവും സ്‌കൂൾ കഴിഞ്ഞ് കുട്ടികൾ ഇവിടെ വന്ന് രാഖി നിർമ്മിക്കുന്നു. അവരുടെ താത്പര്യങ്ങൾക്ക് അനുസരിച്ചാണ് ഓരോ ദിവസവും രാഖികൾ നിർമ്മിക്കുക. ഇപ്പോളവർ നിർമ്മിക്കുന്നത് രാജ്യത്തിന്റെ അഭിമാന ചന്ദ്രയാൻ-3 ദൗത്യത്തിന്റെ രൂപമാണ്. ഐഎസ്ആർഒ ശാസ്ത്രജ്ഞരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ രാഖികൾ നിർമ്മിക്കുന്നതെന്നും ആഷാൻയൻ സ്ഥാപകൻ രത്‌നാകർ സഹു പറഞ്ഞു.
ചന്ദ്രയാൻ-3 ചാന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് ചെയ്തതോടെ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർന്നിരിക്കുകയാണ്. ഈ ചരിത്ര നേട്ടം രാജ്യത്തുടനീളം വ്യത്യസ്ത രീതികളിലാണ് ആഘോഷിക്കപ്പെടുന്നത്. ചന്ദ്രോപരിതലത്തിലെത്തിയ പേടകത്തിന്റെ നീക്കങ്ങളും കണ്ടെത്തലുകളും ഐഎസ്ആർഒ ദിവസേന പുറത്ത് വിട്ടിരുന്നു. ദക്ഷിണധ്രുവ മേഖലയ്‌ക്ക് സമീപത്തെ ചാന്ദ്രോപരിതലത്തിലെ താപനിലയെ കുറിച്ചുള്ള വിവരങ്ങളാണ് ഇസ്രോ അവസാനമായി പങ്കുവെച്ചത്. ചന്ദ്ര പ്രതലത്തിന് താപചാലക ശേഷി വളരെ കുറവാണ് എന്ന് തെളിയിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
Comments