ഒരുപക്ഷേ സൗദി ലീഗ് റോണാള്‍ഡോയുടെ വരവിന് ശേഷവും മുന്‍പും എന്ന് തിരുത്തി വായിക്കേണ്ടിവരും. അത്രപ്രചാരമൊന്നുമില്ലാതിരുന്ന ഒരു സാധാരണ ലീഗിനെ യൂറോപ്യന്‍ ലീഗുകള്‍ പേടിക്കുന്ന തരത്തിലേക്ക് ചുരുങ്ങിയ കാലംകൊണ്ട് വളര്‍ത്താന്‍ അയാളുടെ സാന്നിദ്ധ്യത്തിന് കഴിഞ്ഞു എന്നു പറയുന്നത് ഒരു തരിമ്പുപോലും അതിശയോക്തിയാവില്ല.
പോര്‍ച്ചുഗീസ് പടത്തലവന്‍ തെളിച്ച വഴിയിലൂടെ യൂറോപ്പിന്റെയും ആഫ്രിക്കയുടെയും ലാറ്റിനമേരിക്കയുടെയും നിരവധി വമ്പന്‍മാര്‍ സൗദി പ്രോ ലീഗിലേക്ക് ചേക്കേറി. ലോകത്തിലെ അഞ്ചു പ്രമുഖ ലീഗുകളില്‍ ഒന്നാകും സൗദി ലീഗെന്ന് ഒരിക്കല്‍ റോണോ പറഞ്ഞിരുന്നു. അന്ന് ആ പ്രസ്താവന ചിരിച്ചു തള്ളിയ ഫുട്‌ബോള്‍ പണ്ഡിറ്റുകള്‍ക്കുപോലും ഇന്നത് തിരുത്തേണ്ടിവന്നിട്ടുണ്ട്.
ഇപ്പോള്‍ റോണോയുടെ ഇംപാക്ട് എത്രത്തോളും സൗദി ലീഗിന് ഗുണമായെന്ന് പറയുകയാണ് സൗദി പ്രോ ലീഗിന്റെ ഓപ്പറേഷന്‍സ് തലവന്‍ കാര്‍ലോ നോഹ്‌റ.’സിആര്‍സെവന്റെ വരവോടെ സൗദി പ്രോലീഗ് വരുമാനത്തില്‍ 650 ശതമാനം വര്‍ദ്ധനയുണ്ടായെന്നും ലീഗിന്റെ സംപ്രേഷണം 140 രാജ്യങ്ങളില്‍ ആരംഭിച്ചെന്നും അദ്ദേഹം പറയുന്നു. ബ്ലൂംബെര്‍ഗുമായി നടത്തിയ അഭിമുഖത്തിലാണ് കാര്‍ലോ ഇത് വെളിപ്പെടുത്തിയത്.
പ്രതിവര്‍ഷം 200 മില്യണ്‍ യൂറോയ്‌ക്ക് അല്‍-നസറുമായി കരാര്‍ ഒപ്പിട്ടാണ് മാഞ്ചസ്റ്ററില്‍ നിന്ന് താരം സൗദിയിലേക്ക് ചേക്കേറിയത്. 2022 ഡിസംബറിലായിരുന്നു ഇത്. പിന്നാലെ ബെന്‍സിമ,നെയ്മര്‍,മാനേ,അലക്‌സ് ടെല്ലസ്,മഹ്‌റെസ്,മെന്‍ഡി,കാന്റേ,റൂബന്‍ നെവസ്, ഫിര്‍മിനോ,യാസിന്‍ ബോണോ,അയ്‌മെറിക് ലപ്പോര്‍ട്ടെ തുടങ്ങിയ വമ്പന്‍ താരങ്ങളെല്ലാം സൗദിയിലേക്ക് കൂടുമാറി.
Comments