‘മാമ്പൂ കണ്ടും മക്കളെ കണ്ടും കൊതിക്കരുതെന്ന് പണ്ടാരോ പറഞ്ഞതും, മാമ്പൂ പൊട്ടിച്ചതിന് കുഞ്ഞിനെ തല്ലിയ അമ്മയുടെ നൊമ്പരവും തത്ക്കാലത്തേക്ക് നമുക്ക് മറക്കാം. മക്കൾക്കും കൊച്ചു മക്കൾക്കും കുടുംബത്തിനും ഒപ്പമിരുന്ന് സന്തോഷത്തോടെ അമ്മമാർക്ക് മാമ്പഴപുളിശ്ശേരി വെക്കാൻ ഒരു ഓണക്കാലം കൂടി വന്നിരിക്കുകയാണ്. നാടൻ മാമ്പഴം കൊണ്ടുണ്ടാക്കുന്ന മാമ്പഴപുളിശ്ശേരി എത്ര കഴിച്ചാലും മതിവരാത്ത ഒന്നാണ്. അപ്പോൾ ഈ ഓണം മാമ്പഴപുളിശ്ശേരിയിൽ തന്നെ തുടങ്ങിയാലോ?
ചേരുവകൾ
പഴുത്ത മാങ്ങ – 10 എണ്ണം ചെറുത് വലുതാണെങ്കിൽ നാലോ അഞ്ചോ എടുത്താൽ മതി.
പച്ചമുളക് – 4 കറിവേപ്പില
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
മുളകുപൊടി – 1/2 ടീസ്പൂൺ
ഉപ്പ് – 1/2 ടീസ്പൂൺ
വെള്ളം – 1 കപ്പ്.
ശർക്കര- രുചിക്കനുസരിച്ച്
അരയ്‌ക്കാനുള്ള ചേരുവകൾ
തേങ്ങ – 1 കപ്പ്
കറിവേപ്പില – 5-6 ഇലകൾ
പച്ചമുളക് – 1
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
ജീരകം – 1/2 ടീസ്പൂൺ
ഉലുവ – 10-12 എണ്ണം
തൈര് – 1 കപ്പ്
ഇവയെല്ലാം ആവശ്യത്തിന് തൈര് ചേർത്ത് നന്നായി അരച്ചെടുക്കാം.
താളിക്കാൻ
വെളിച്ചെണ്ണ – 1 ടേബിൾസ്പൂൺ
നെയ്യ് – 1/4 ടീസ്പൂൺ
കടുക് – 1/2 ടീസ്പൂൺ
ഉലുവ – പാകത്തിന്
വറ്റൽ മുളക് – 4 എണ്ണം
കറിവേപ്പില- ആവശ്യത്തിന്
കായം – 1/8 ടീസ്പൂൺ
മുളകുപൊടി – 1/4 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു മൺപാത്രത്തിൽ മാമ്പഴങ്ങൾ, പച്ചമുളക്, കറിവേപ്പില, മഞ്ഞൾപ്പൊടി, ഉപ്പ്, മുളക് പൊടി, വെള്ളം എന്നിവ ചേർത്ത് 10 മിനിറ്റ് നന്നായി മൂടിവെച്ച് തിളപ്പിക്കുക. ശേഷം ആവശ്യത്തിന് ശർക്കര ചേർത്ത് വേവിക്കുക. ശർക്കര ഉരുകുന്നതിനായി ഇടയ്‌ക്ക് ഇളക്കി കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
ഇനി അരച്ചു വെച്ച തേങ്ങാ മിശ്രിതം ചേർത്തു കൊടുക്കാവുന്നതാണ്. ബാക്കിയുള്ള തൈര്, മിക്സിയുടെ ജാറിൽ ഒഴിച്ച് അടിച്ചു കറിയിൽ ചേർക്കുക. നന്നായി ഇളക്കി തിള വരുമ്പോൾ അടുപ്പ് ഓഫ് ചെയ്യാവുനന്താണ്. ഇനി താളിക്കാനുള്ള പരിപാടികൾ നോക്കാം. പാത്രം ചൂടാക്കി എണ്ണയും നെയ്യും ഒഴിക്കുക. ഇതിലേക്ക് കടുക്, ഉലുവ, എന്നിവ ചേർത്ത് പൊട്ടിയതിന് ശേഷം ചുവന്ന മുളക്, കായം, കറിവേപ്പില, എന്നിവ ചേർത്ത് കറിയിൽ ഒഴിക്കാവുന്നതാണ്. നന്നായി ഇളക്കിയതിന് ശേഷം 10 മിനിറ്റ് അടച്ചു വെക്കുക. രുചിയൂറും മാമ്പഴപുളിശ്ശേരി കൂട്ടി ഊണു കഴിക്കാൻ എല്ലാവർക്കും വാഴ ഇല ഇനി നിരത്താം..
Comments