ലണ്ടൻ: ലണ്ടനിൽ നടൻ ജോജു ജോർജ്ജും സംഘവും മോഷണത്തിനിരയായി. നടന്റെയും കൂടെ ഉണ്ടായിരുന്നവരുടെയും പാസ്പോർട്ടും പണവും ഉൾപ്പെടെ നഷ്ടമായി. ജോജു നായകനായ പുതിയ ചിത്രം ആന്റണിയുടെ പ്രമോഷന്റെ ഭാഗമായാണ് ലണ്ടനിൽ എത്തിയത്. ചിത്രത്തിന്റെ നിർമ്മാതാവ് ഐൻസ്റ്റീൻ സാക്ക് പോളിന്റെയും എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ഷിജോ ജോസഫിന്റെയും പണവും പാസ്‌പോർട്ടുകളും മോഷണം പോയിട്ടുണ്ട്.
ആകെ 15000 പൗണ്ട് ( 15 ലക്ഷംരൂപ) മോഷണം പോയെന്നാണ് വിവരം. ലണ്ടനിലെ ബിസ്റ്റർ വില്ലേജിൽ ഷോപ്പിംഗിനിടെയായിരുന്നു സംഭവം. ലണ്ടനിലെ ഒക്സ്ഫോഡിലെ ബിസ്റ്റർ വില്ലേജിൽ ഷോപ്പിങ് നടത്താനായി കയറിയപ്പോഴാണ് ഇവർ സഞ്ചരിച്ച ഡിഫന്റർ വാഹനത്തിൽ നിന്നും മോഷണം നടന്നത്. ജോജുവിന് പിന്നീട് ഇന്ത്യൻ ഹൈക്കമ്മീഷൻ ഇടപെടലിലൂടെ പുതിയ പാസ്പോർട്ട് ലഭ്യമായി.
പാർക്കിംഗിൽ ഉണ്ടായിരുന്ന കാറിൽ നിന്നുമാണ് പണവും പാസ്‌പോർട്ടും ഷോപ്പിംഗ് സാധനങ്ങളും ലാപ്ടോപ്പുമെല്ലാം നഷ്ടമായത്. ഷോപ്പിങ് നടത്തുന്നതിനായി കാർ സമീപമുള്ള പേ ആൻഡ് പാർക്കിലാണ് കാർ പാർക്ക് ചെയ്തിരുന്നത്. കുറച്ചു ഷോപ്പിങ് നടത്തിയ ശേഷം താരങ്ങളായ കല്യാണി പ്രിയദർശൻ, ജോജു ജോർജ്, ചെമ്പൻ വിനോദ് എന്നിവർ ഉൾപ്പടെയുള്ളവർ കാറിൽ സാധനങ്ങൾ കൊണ്ടു വെച്ചിരുന്നു. തിരികെ വീണ്ടും ഷോപ്പിങ് നടത്തി കാറിനരികിൽ എത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം ശ്രദ്ധയിൽപ്പെട്ടത്. പണം, ഷോപ്പിങ് നടത്തിയ സാധനങ്ങൾ, ലാപ്ടോപ്പുകൾ എന്നിവ നഷ്ടമായി. സംഭവത്തിന് പിന്നാലെ ജോജുവും കല്യാണിയും നാട്ടിലേക്ക് തിരിച്ചു.
















Comments