ലോകകപ്പെന്ന കലാശകൊട്ടിന് മുൻപുള്ള സാമ്പിൾ വെടിക്കെട്ടിന് (ഏഷ്യാകപ്പ്) നാളെ തുടക്കം. ആറു രാജ്യങ്ങളാണ് ഏഷ്യൻ ചാമ്പ്യൻപട്ടം നേടാൻ കളത്തിലിറങ്ങുന്നത്. ഇന്ത്യയുടെ ആദ്യമത്സരം ചിരവൈരികളായ പാകിസ്താനെതിരെ ശനിയാഴ്ചയാണ്. ഏഷ്യാ കപ്പ് ക്രിക്കറ്റ് ഏകദിന ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ നേപ്പാൾ പാകിസ്താനെ നേരിടും. നാളെ ഉച്ചകഴിഞ്ഞ് 3നാണ് മത്സരം. സ്റ്റാർ സ്‌പോർട്സ് ചാനലുകളിലും ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലും തത്സമയം. കഴിഞ്ഞ തവണ ടി20 ഫോർമാറ്റിലായിരുന്ന മത്സരങ്ങളാണ് ഇത്തവണ ഏകദിനത്തിലേക്ക് മാറിയത്.
പാകിസ്താനിലും ശ്രീലങ്കയിലുമായി നടക്കുന്ന ഏഷ്യാ കപ്പിന്റെ ഫൈനൽ അടുത്തമാസം 17ന് കൊളംബോയിലാണ്. ശീലങ്കയിലെ പല്ലെകെലെയിലാണ്് ഇന്ത്യയുടെ ആദ്യ മത്സരം.
കഴിഞ്ഞയാഴ്ച അഫ്ഗാനിസ്ഥാനെതിരായ പരമ്പര തൂത്തുവാരിയ പാകിസ്താൻ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഏഷ്യാകപ്പിനെത്തുന്നത്. അവസാനമായി ഇന്ത്യയും പാകിസാതാനും നേർക്കുനേർ വന്നപ്പോൾ ജയം നീലപ്പടയ്‌ക്കൊപ്പമായിരുന്നു.
6 ടീമുകളെ 2 ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ. ഇന്ത്യ, പാകിസ്താൻ, നേപ്പാൾ ടീമുകളുടങ്ങുന്നതാണ് ഗ്രൂപ്പ് എ. ഗ്രൂപ്പ് ബിയിലാണ് ശ്രീലങ്ക, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ ടീമുകൾ. ഗ്രൂപ്പിലെ എല്ലാ ടീമും മറ്റു 2 ടീമുകളുമായി ഓരോ തവണ കളിക്കും. ഓരോ ഗ്രൂപ്പിലെയും ആദ്യ 2 സ്ഥാനക്കാർ സൂപ്പർ ഫോറിനു യോഗ്യത നേടും. സൂപ്പർ ഫോറിലും ഓരോ ടീമും എതിരാളികളുമായി ഓരോ തവണ ഏറ്റുമുട്ടും. സൂപ്പർ ഫോറിലെ മികച്ച 2 ടീമുകളാണ് ഫൈനലിലെത്തുക. ഫൈനലടക്കം 13 മത്സരങ്ങളാണ് ടൂർണമെന്റിലുണ്ടാവുക. ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ശ്രീലങ്കയിലാണ്.
Comments