തിരുവനന്തപുരം: സാധനങ്ങൾ വിലക്കുറച്ച് വിറ്റതിന്റെ പേരിൽ ചെരിപ്പുകടയുടമയായ യുവതിയെയും കുടുംബത്തെയും മർദ്ദിച്ചെന്ന പരാതിയിൽ എസ്ഐക്കെതിരെ കേസെടുത്തു. ഇന്റലിജന്‍സ് എസ്.ഐ.യായ ഫിറോസ് ഖാനെതിരേയാണ് പരാതി നൽകിയത്. പോത്തൻകോട് ജംഗ്ഷനിൽ ചെരുപ്പ്കട നടത്തുന്ന യുവതിയ്‌ക്കും ഭർത്താവിനും മകനുമാണ് മർദ്ദനമേറ്റത്.
കേസിനാസ്പദമായ സംഭവം ഞായറാഴ്ച വൈകിട്ടാണ് നടന്നത്. പരാതിക്കാരിയുടെ കടയോടുചേര്‍ന്ന് എസ്.ഐ.യുടെ ബന്ധുവും ചെരിപ്പുകട നടത്തുന്നുണ്ടായിരുന്നു. ബന്ധുവിന്റെ പേരിലാണെങ്കിലും കട എസ്.ഐ.യുടേതാണെന്ന് മര്‍ദനമേറ്റവര്‍ ആരോപിക്കുന്നുണ്ട്. ഞായറാഴ്ച ഒരു മണിക്കൂര്‍നേരം യുവതിയുടെ കടയില്‍ പാദരക്ഷകള്‍ വിലകുറച്ച് വിറ്റിരുന്നു. ഇവരുടെ കടയില്‍ കൂടുതല്‍ ആളുകളെത്തിയതിന്റെ വിരോധത്തിലായിരുന്നു ഫിറോസ് ഖാനും മകനും ചേര്‍ന്ന് കടയിലെത്തി യുവതിയുടെ ഭര്‍ത്താവിനെ മര്‍ദിച്ചത്. തടയാന്‍ ശ്രമിച്ചപ്പോള്‍ യുവതിയെയും മകനെയും മര്‍ദിച്ചെന്നുമാണ് പരാതി.
തറയില്‍ വീണ യുവതിയെ ഫിറോസ് തറയിലിട്ടു ചവിട്ടിയതായും പരാതിയില്‍ പറയുന്നുണ്ട്. മര്‍ദനത്തില്‍ പരിക്കേറ്റ യുവതിയും കുടുംബവും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. എസ്.ഐ.ക്കും മകനുമെതിരേ സ്ത്രീകള്‍ക്കുനേരേയുള്ള അതിക്രമത്തിനും മര്‍ദനത്തിനുമാണ് കേസ് രജിസ്റ്റർ ചെയ്തത്. അഞ്ചുമാസം മുന്‍പും സമാനമായ സംഭവം നടന്നതായും പിന്നീട് വ്യാപാരിവ്യവസായി സംഘടനകള്‍ ചേര്‍ന്ന് കേസ് ഒത്തുതീര്‍പ്പാക്കിയതായും പരാതിക്കാരി പറയുന്നുണ്ട്.
















Comments