ന്യൂഡൽഹി: ഓണം, രക്ഷബന്ധൻ സമ്മാനവുമായി കേന്ദ്രം. ഉജ്ജ്വല പദ്ധതിക്ക് കീഴിൽ പാചക വാതക സിലിണ്ടറിന് വീണ്ടും സബ്സിഡി പ്രഖ്യാപിച്ചു. ഇതോടെ ഗാർഹിക സിലിണ്ടറിന് 200 രൂപയാണ് കുറയുക. പ്രധാനമന്ത്രി ഉജ്ജ്വല യോജന (PMUY) ഗുണഭോക്താക്കൾക്ക് ഒരു സിലിണ്ടറിന് ലഭിക്കുന്ന സബ്‌സിഡി ഇതോടെ 400 രൂപയാകും. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. നാളെ മുതൽ വിലക്കുറവ് പ്രാബല്യത്തിൽ വരുമെന്നും രാജ്യത്തെ ജനങ്ങൾക്ക് പ്രധാനമന്ത്രി നൽകുന്ന സമ്മാനമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു,
എൽപിജി സിലിണ്ടറിന് നിലവിൽ 1,115 രൂപയാണ് നിരക്ക്. ഇതിനാണ് മാറ്റം വരുന്നത്. മൂന്ന് ഘട്ടങ്ങളിലായി ഉയർത്തിയ വിലയാണ് ഇപ്പോൾ കുറച്ചിരിക്കുന്നത്. ഡൽഹിയിൽ 1053, മുംബൈയിൽ 1052, ചെന്നൈയിൽ 1068, കൊൽക്കത്തയിൽ 1079 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിലെ പാചക വാതക സിലിണ്ടറിന്റെ വില. കഴിഞ്ഞ മാസം ഓരോ സിലിണ്ടറിനും 50 രൂപ വീതം എണ്ണ കമ്പനികൾ ഉയർത്തിയിരുന്നു.
എൻഡിഎ അധികാരത്തിൽ എത്തുമ്പോൾ 14 കോടി ആളുകൾക്ക് മാത്രമായിരുന്നു എൽപിജി കണക്ഷൻനുണ്ടായിരുന്നത് എന്നാൽ ഇന്ന് അത് 33 കോടിയായി ഉയർന്നു. അതിൽ 9 കോടിയോളം പേർ ഉജ്ജ്വല യോജനയിൽ അംഗങ്ങളാണ്.
ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ, ഭാരത് പെട്രോളിയം കോർപറേഷൻ തുടങ്ങി മൂന്ന് പൊതുമേഖലാ എണ്ണ കമ്പനികൾക്ക് പ്രതിസന്ധിയാകുമെങ്കിലും ജനതാത്പര്യം മുൻനിർത്തി തീരുമാനം എടുക്കുകയായിരുന്നു. കമ്പനികൾക്ക് സർക്കാർ ധനസഹായം അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
















Comments