ന്യൂഡൽഹി: ട്രെയിൻ യാത്രികർക്ക് കൂടുതൽ ആശ്വാസം പകരുന്ന വാർത്തയുമായി ഇന്ത്യൻ റെയിൽവേ.യാത്രക്കാർ കുറവു വരുന്ന റിസർവ്ഡ് കോച്ചുകളെ ജനറൽ കോച്ചാക്കി മാറ്റുന്നതിനുള്ള നീക്കവുമായാണ് റെയിൽവേ മുന്നോട്ട് പോകുന്നത്. റിസർവ്ഡ് സ്ലീപ്പർ കോച്ചുകളിൽ തിരക്ക് കുറവുള്ള ട്രെയിനുകൾ ഏതൊക്കെയെന്ന് കണ്ടെത്തുന്നതിനായി റെയിൽവേ മന്ത്രാലയം സോണൽ അധികൃതർക്ക് ഇതിനോടകം തന്നെ നിർദ്ദേശം നൽകി. പ്രതിദിന യാത്രികർക്ക് ഉപകാരപ്രദവും ജനറൽ കോച്ചുകളിലെ തിരക്ക് കുറയ്‌ക്കാനും സാധിക്കുന്ന തരത്തിലുള്ള തീരുമാനമാണിതെന്നാണ് വിലയിരുത്തൽ.
യാത്രികർ കുറവുള്ള ജനറൽ സ്ലീപ്പർ ക്ലാസ് കോച്ചുകളെ അൺറിസർവ്ഡ് കോച്ചുകൾ ആക്കുകയെന്ന നിർദ്ദേശമാണ് മന്ത്രാലയം മുന്നോട്ട് വെച്ചിരിക്കുന്നത്. ഇതിൽ പകൽ സമയങ്ങളിൽ യാത്രക്കാരുടെ എണ്ണം വളരെ കുറവുള്ളതോ ഡിമാൻഡ് കുറവുള്ളതോ ആയ ട്രെയിനുകളിലാകും മാറ്റം പ്രാവർത്തികമാക്കുക. ഇതിലൂടെ ജനറൽ കോച്ചിലെ തിരക്ക് കുറക്കുന്നതിനൊപ്പം തന്നെ വരുമാനവും കൂട്ടാമെന്നാണ് റെയിൽവെയുടെ വിലയിരുത്തൽ.
എസി ഫസ്റ്റ് ക്ലാസ് കോച്ചിൽ 18 മുതൽ 24 ബർത്തുകൾ വരെയും ടു ടയർ എസിയിൽ 48 മുതൽ 54 ബെർത്തുകൾ വരെയുമാണ് നിലവിലുള്ളത്. ത്രീ ടയർ എസി കോച്ചിൽ ഇത് 64 മുതൽ 72 ബർത്തുകൾ വരെയുണ്ട്. സ്ലീപ്പർ കോച്ചുകളിൽ നിലവിൽ 72 മുതൽ 80 വരെ ബർത്തുകളുണ് ഉള്ളത്. റിസർവേഷനില്ലാത്ത ജനറൽ കോച്ചിൽ 90 പേർക്കാണ് യാത്രചെയ്യാൻ സാധിക്കുക. എന്നാൽ ഭൂരിഭാഗം ട്രെയിനുകളിലും ജനറൽ കോച്ചിൽ ഇതിന്റെ ഇരട്ടിയോളം യാത്രക്കാരെയാണ് കാണാറുള്ളത് എന്നതാണ് വാസ്തവം. പുതിയ നീക്കത്തിലുടെ ഇത് പ്രാബല്യത്തിൽ വരുത്തുകയാണെങ്കിൽ ഇത് പകൽ യാത്രികർക്ക് വളരെയധികം ഗുണകരമാകും.
















Comments