ന്യൂഡൽഹി: റോവറും ലാൻഡറും പ്രവർത്തിക്കുന്നുണ്ടെന്നും ഉടൻ അറിവുകൾ പങ്കുവെക്കുമെന്നും അറിയിച്ച് റോവർ. ഇസ്രോ പങ്കുവെച്ച് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്. ചന്ദ്രനിൽ നിന്നും റോവർ അയക്കുന്ന സന്ദേശമായാണ് പോസ്റ്റ്. ചന്ദ്രയാൻ -3ന്റെ റോവറാണെന്നും ചന്ദ്രന്റെ രഹസ്യങ്ങൾ കണ്ടെത്താനുള്ള യാത്രയിലാണെന്നും പോസ്റ്റിൽ പറയുന്നു. റോവറും ലാൻഡറും തമ്മിൽ ബന്ധത്തിലാണെന്നും കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്നും ഉടൻ വാർത്തകൾ ഭൂമിയിലേക്ക് എത്തുമെന്നുമാണ് സന്ദേശത്തിൽ പറയുന്നത്.
അതേസമയം, ചന്ദ്രയാൻ 3 അതിന്റെ ദൗത്യത്തിന്റെ പാതിയാത്ര പിന്നിട്ട് കഴിഞ്ഞു. ചന്ദ്രനിലെ ദക്ഷിണ ധ്രുവ മേഖലയിൽ ഓഗസ്റ്റ് 23-നാണ് ചന്ദ്രയാൻ-3 ചെന്നിറങ്ങിയത്. ചന്ദ്രനിലെ ഒരു ദിവസം ഭൂമിയിലെ 14 ദിവസങ്ങൾക്ക് തുല്യമാണ്. അതിനാൽ ഇനി ഒരാഴ്ച ബാക്കി നിൽക്കുമ്പോൾ നിരവധി പഠനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം വിക്രം ലാൻഡറിലെ പേലോഡിൽ നിന്നുള്ള ആദ്യ വിവരങ്ങൾ ഇസ്രോ പുറത്തുവിട്ടിരുന്നു. ദക്ഷിണധ്രുവ മേഖലയ്‌ക്ക് സമീപത്തെ ചന്ദ്രോപരിത്തലത്തിലെ താപനില അടക്കമുള്ള വസ്തുതകളെ കുറിച്ചുള്ള പഠനങ്ങളാണ് നടക്കുന്നത് ചന്ദ്രപ്രതലത്തിൽ പൂഴിക്ക് താപചാലക ശേഷി വളരെ കുറവാണെന്നു തെളിയിക്കുന്ന വിവരങ്ങളാണ് പേലോഡിൽ നിന്നും പുറത്ത് വന്നിരുന്നത്.
Comments