തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഗൾഫ് രാജ്യങ്ങളിൽ ബിനാമി ബിസിനസുണ്ടെന്ന് വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ്. യുഎഇയിലും ഷാർജയിലും അജ്മാനിലുമാണ് ബിസിനസ് സംരംഭങ്ങളുള്ളത്. ബിസിനസ് ആവശ്യങ്ങൾക്കായാണ് ഇടയ്‌ക്കിടെ ഗൾഫിൽ പോകുന്നതെന്നും സ്വപ്‌ന വെളിപ്പെടുത്തി. ജനം ടിവിയിൽ അനിൽ നമ്പ്യാരുമായി നടത്തിയ അഭിമുഖത്തിലാണ് സ്വപ്‌നയുടെ നിർണ്ണായക വെളിപ്പെടുത്തലുണ്ടായത്.
സംസ്ഥാനത്ത് കൊട്ടിഘോഷിച്ച് നടപ്പിലാക്കുന്ന എല്ലാ ‘കെ’പദ്ധതികളും ‘വി’ പദ്ധതികളാണെന്നു അഭിമുഖത്തിൽ സ്വപ്ന സുരേഷ് ആരോപിച്ചു. പദ്ധതിയെകുറിച്ച് പ്ലാൻ ചെയ്യുമ്പോൾ തന്നെ വൻ സ്രാവുകളെ കണ്ടെത്തി അവരിൽ നിന്നും ആദ്യമേ പണം വാങ്ങും. പിന്നീടാണ് പ്രൊജക്റ്റ് വെറും കടലാസ് പദ്ധതിയാണെന്ന് അവർ തിരിച്ചറിയുക. എന്നാൽ മുഖ്യമന്ത്രിയെയും പരിവാരങ്ങളെയും എതിർക്കാൻ ഇവർക്ക് ധൈര്യമുണ്ടാകില്ല. ശിവശങ്കർ നേതൃത്വം നൽകിയ ഐടി വകുപ്പിലാണ് കൂടുതൽ കടലാസ് പദ്ധതികളുണ്ടായതെന്നും സ്വപ്‌ന കൂട്ടിച്ചേർത്തു.
ഇത്തരം പദ്ധതിയുമായി ബന്ധപ്പെട്ട് ക്ലിഫ് ഹൗസിൽ നടന്ന ചർച്ചയിൽ താനും പങ്കെടുത്തതായി സ്വപ്‌ന വ്യക്തമാക്കി. ദുബായിലും ഇത്തരം ചർച്ച നടന്നിട്ടുണ്ട്. എന്നാൽ താൻ സംബന്ധിച്ച ഒരു ചർച്ചയിലും വീണ പങ്കെടുത്തിട്ടില്ല. വീണയുടെ കമ്പനിയായ എക്‌സാലോജിക് സൊലൂഷൻസിൽ തനിക്ക് ജോലി വാഗ്ദാനം ചെയ്തിരുന്നു. ശിവശങ്കറാണ് ഇതിന് മുൻകൈ എടുത്തത്. എന്നാൽ മക്കൾ തിരുവനന്തപുരത്തു പഠിക്കുന്നതിനാൽ താൻ നിരസിച്ചതായും സ്വപ്‌ന ജനം ടിവിയിലെ അഭിമുഖത്തിൽ പറഞ്ഞു.
സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജന്റെ മകനാണ് എഐ ക്യാമറ പദ്ധതി യഥാർഥത്തിൽ നടപ്പാക്കേണ്ടിയിരുന്നത്. ജയരാജൻ വ്യവസായ മന്ത്രിയായിരുന്ന സമയത്തായിരുന്നു പദ്ധതിയുടെ ചർച്ച നടന്നത്. ജയരാജന്റെ മകനുമായി ഇക്കാര്യത്തിനു രണ്ടു തവണ ദുബായിൽ താൻ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. എഐ ക്യാമറ അഴിമതി നിറഞ്ഞതാണ് സ്വപ്ന പറഞ്ഞു.
കടലാസ് കമ്പനി രജിസ്റ്റർ ചെയ്താണ് തന്നെ നിയമിച്ചത്. തന്നെ അപ്പോയിമെന്റെ ചെയ്യാൻ പ്രൈസ് വാട്ടർകൂപ്പേഴ്‌സ് തടസ്സം പറഞ്ഞപ്പോൾ, ഔറംഗാബാദ് കേന്ദ്രീകരിച്ച് വിഷൻ ടെക്‌നോളജീസ് എന്ന പേരിലാണ് കമ്പനി രജിസ്റ്റർ ചെയ്തത്. ഇതേ കമ്പനിയുടെ പേരിൽ കെഫോണിൽ ഒരാളെ നിയമിച്ചിട്ടുണ്ട്. ഇപ്പോൾ അങ്ങനെയൊരു കമ്പനിയേ ഇല്ല മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വൈകാതെ വെളിപ്പെടുത്തുമെന്നും സ്വപ്‌ന അഭിമുഖത്തിൽ പറഞ്ഞു.
Comments