ന്യൂഡൽഹി: തിഹാർ ജയിലിലെ ജയിലറെ സാമ്പത്തിക തട്ടിപ്പിൽപ്പെടുത്തിയെന്ന ആരോപണം നേരിടുന്ന ഗുസ്തിതാരം റൗണക് ഗുലിയ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവച്ച്, താൻ നിരപരാധിയാണെന്നും ആരോപണങ്ങൾ വ്യാജമാണെന്നും പറഞ്ഞ ശേഷമായിരുന്നു ആത്മഹത്യ ശ്രമം. കൈ ഞരമ്പ് മുറിച്ച് മരിക്കാൻ ശ്രമിച്ച അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദീപക് ശർമ്മയുടെ ആരോപണത്തിലുള്ള കമ്പനി 18 മാസം മുൻപ് പൂട്ടിയതാണെന്നും ആ കമ്പനി മുഴുവനായി എടുത്താൽപ്പോലും 50ലക്ഷം രൂപ വരില്ലെന്നും അവർ വാദിച്ചു. എന്തെങ്കിലും തെളിവുണ്ടെങ്കിൽ തന്നെ അറസ്റ്റ് ചെയ്യണമെന്നും അവർ വെല്ലുവിളിച്ചു. ഭർത്താവുമായുള്ള സാമ്പത്തിക പ്രശ്നങ്ങളാണ് ആരോപണങ്ങൾക്ക് പിന്നിലെന്നാണ് റൗണക്കിന്റെ വാദം.
തിഹാർ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് ദീപക് ശർമയാണ് 51 ലക്ഷം രൂപ യുവതിയും ഭർത്താവും ചേർന്ന് തട്ടിയെടുത്തെന്ന് പരാതി നൽകിയത്. പ്രമുഖ ബോഡി ബിൽഡർ കൂടിയായ ദീപക് ശർമ, ഇൻസ്റ്റഗ്രാമിലൂടെ പ്രശസ്തരായ ഗുസ്തി താരദമ്പതികളായ റൗണക് ഗുലിയ, ഭർത്താവ് അങ്കിത് ഗുലിയ എന്നിവർക്കെതിരെയാണ് പരാതി നൽകിയത്.
ഡിസ്‌കവറി ചാനലിലെ ‘ഇന്ത്യാസ് അൾട്ടിമേറ്റ് വാരിയർ’ എന്ന റിയാലിറ്റി ഷോയിൽ വച്ചാണ് ദേശീയസംസ്ഥാന ഗുസ്തി ജേതാവായ റൗണക് ഗുലിയയെ പരിചയപ്പെടുന്നതെന്നും ഗുസ്തിക്കാരനായ ഭർത്താവ് അങ്കിതിന്റെ ആരോഗ്യ ഉൽപന്ന സംരംഭത്തിൽ പണം നിക്ഷേപിക്കണമെന്ന് ആവശ്യപ്പെട്ടു തന്നെ സമീപിക്കുകയായിരുന്നെന്നും ദീപക് ശർമ പരാതിയിൽ പറയുന്നു.
—
Comments