തിയേറ്ററുകളിൽ ഗംഭീരപ്രതികരണം കിട്ടി മുന്നേറുകയാണ് ആർഡിഎക്സ് സിനിമ. ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരുടെ പവർ ഫാക്ട് പെർഫോമൻസിന് പ്രേക്ഷകർ നിറഞ്ഞ കൈയ്യടി നൽകി കഴിഞ്ഞു. നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രം ഓഗസ്റ്റ് 25 നാണ് തിയേറ്ററുകളിൽ എത്തിയത്.
ചിത്രത്തിന് കേരളത്തിലെ ആറ് ദിവസത്തെ കളക്ഷന്‍ പരിഗണിച്ചാല്‍ ചിത്രം 18 കോടി നേടിയിട്ടുണ്ടെന്നാണ് ബോക്‌സ് ഓഫീസ് ട്രാക്കര്‍മാരുടെ വിലയിരുത്തൽ. റിലീസിന്റെ ആറാം ദിനമായ ഇന്നലെ കളക്ഷനില്‍ 4 കോടിയില്‍ ഏറെ ചിത്രത്തിന് ലഭിച്ചിരുന്നു. റിലീസിന് ശേഷം ചിത്രത്തിന് കേരളത്തില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും മികച്ച കളക്ഷനായിരുന്നു കഴിഞ്ഞ ദിവസത്തേത്.
ആഗോള ബോക്‌സ് ഓഫീസില്‍ നിന്നുള്ള ആകെ കണക്കുകള്‍ പരിഗണിച്ചാല്‍ കളക്ഷന്‍ 30 കോടിയിലേക്ക് വൈകാതെ എത്തുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ആർഡിഎക്സ് മലയാളത്തില്‍ നിന്നുള്ള അടുത്ത 50 കോടി ക്ലബ്ബ് ചിത്രമാവാനുള്ള സാധ്യതകളും അനലിസ്റ്റുകള്‍ തള്ളിക്കളയുന്നില്ല.
ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവര്‍ തിരക്കഥ എഴുതിയ ചിത്രത്തില്‍ ബാബു ആന്റണി, ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ബൈജു എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. സോഫിയ പോള്‍ ആണ് നിര്‍മ്മാണം. കെ.ജി.എഫ്, ബീസ്റ്റ്, വിക്രം എന്നീ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അൻപറിവ് ആണ് ആര്‍ഡിഎക്സിലെ തീ പാറുന്ന ആക്ഷൻ രംഗങ്ങള്‍ ഒരുക്കിയത്.
Comments