എറണാകുളം: ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകത്തിൽ പോലീസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും. 800 പേജുള്ള കുറ്റപത്രം എറണാകുളം പോക്സോ കോടതിയിലാണ് സമർപ്പിക്കുന്നത്. പത്തിലേറെ വകുപ്പുകളാണ് പ്രതിയായ അസ്ഫാകിനെതിരെ ചുമത്തിയിരിക്കുന്നത്.
പെൺകുട്ടി കൊല്ലപ്പെട്ട് 34 ദിവസങ്ങൾക്ക് ശേഷമാണ് കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നത്. കൊലപാതകം, ബലാത്സംഗം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ പത്തോളം വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം തയ്യാറാക്കിയത്. കുറ്റപത്രത്തിൽ 99 സാക്ഷികളെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 62 തെളിവുകളാണ് കേസിനുള്ളത്. പ്രതി അസ്ഫാക് മാത്രമാണെന്നും കുറ്റപത്രത്തിലുണ്ട്. 90 ദിവസത്തിനകം വിചാരണ പൂർത്തിയാക്കാൻ കോടതിയിൽ അപേക്ഷ നൽകുമെന്ന്എസ്പി അറിയിച്ചു.
ജൂലൈ 28-നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം പ്രതി കൊലപ്പെടുത്തുകയായിരുന്നു. ആലുവ മാർക്കറ്റിന് സമീപത്തെ മാലിന്യങ്ങൾക്കിടയിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അസ്ഫാക്ക് മുമ്പും പോക്സോ കേസിൽ ശിക്ഷ അനുഭവിച്ചയാളാണെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.
Comments