കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ സഹതാപ തരംഗം തുണയ്‌ക്കുക എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിനെയെന്ന് മന്ത്രി വി.എൻ. വാസവൻ. രണ്ടുതവണ തോറ്റു ഇത്തവണ അവസരം നൽകാം എന്നായിരിക്കും ജനങ്ങൾ കരുതുന്നത്. ഉമ്മൻ ചാണ്ടിയുടെ അസാന്നിദ്ധ്യത്തിൽ ജനങ്ങൾ ചിന്തുക്കുന്നത് ഇങ്ങനെ ആയിരിക്കും. പുതുപ്പള്ളിയിൽ സഹതാപ തരംഗം പ്രകടമാകുക എൽഡിഎഫിന് അനുകൂലമായി ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇത്തവണ സഹതാപതരംഗം ജെയ്‌ക്കിന് അനുകൂലമായിരിക്കും. പാവം രണ്ടുതവണ തോറ്റു. ഇത്തവണ ഇയാളെ ജയിപ്പിക്കാം എന്നാണ് ജനങ്ങൾ കരുതുന്നത്. ഉമ്മൻചാണ്ടിയുടെ അസാന്നിദ്ധ്യത്തിൽ അദ്ദേഹത്തോടുള്ള ആദരവ് നിലനിർത്തിക്കൊണ്ട് ജനങ്ങൾ ജെയ്‌ക്കിന് വോട്ട് നൽകും. അത് ജയത്തിനുള്ള പ്രധാന ഘടകമായി മാറും. ആവേശകരമായ മുന്നേറ്റം മണ്ഡലത്തിൽ ഇതിനോടകം മുന്നണി നേടിക്കഴിഞ്ഞു. വാസവൻ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടികളിൽ ആയിരങ്ങളാണ് പങ്കെടുത്തതെന്ന് വാസവൻ പറഞ്ഞു. മുൻപെങ്ങും കാണാനാകാത്ത ജനപങ്കാളിത്തമാണ് പരിപാടിയിൽ കാണാൻ സാധിച്ചത്. മുഖ്യമന്ത്രിയുടെ വരവ് എൽഡിഎഫിന് ഗുണംചെയ്യുമെന്നും വാസവൻ പറഞ്ഞു.
തിരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മുന്നണികൾക്കായി മുൻനിര നേതാക്കളാണ് പുതുപ്പള്ളിയിൽ പ്രചരണത്തിനിറങ്ങുന്നത്. ബിജെപിക്കായി കേന്ദ്രമന്ത്രിമാരായ വി.മുരളീധരൻ, രാജീവ് ചന്ദ്രശേഖർ എന്നിവർ പ്രചരണത്തിനിറങ്ങി. സിപിഎമ്മിനായി മുഖ്യമന്ത്രി പിണറായി വിജയനും കോൺഗ്രസിനായി രമേശ് ചെന്നിത്തല, വിഡി സതീശൻ എന്നിവരും പ്രചരത്തിനിറങ്ങി.
Comments