തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്പടി വാഹനം നടനും ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമായ കൃഷ്ണ കുമാറിന്റെ വാഹനത്തിൽ ഇടിപ്പിച്ചു. തന്റെ കാർ റോഡിന്റെ ഒരു വശത്തേക്ക് പോലീസ് വാഹനം ഇടിച്ചിടുകയായിരുന്നുവെന്നും വാഹനത്തിൽ ഉണ്ടായിരുന്ന പോലീസുകാർ അസഭ്യം പറഞ്ഞുവെന്നും കൃഷ്ണകുമാർ പറഞ്ഞു. സംഭവത്തെ തുടർന്ന് പന്തളം പോലീസിൽ അദ്ദേഹം പരാതി നൽകി.
‘പുതുപ്പള്ളിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകുകയായിരുന്നു. പന്തളം എത്താൻ 20 മിനിറ്റ് മുമ്പാണ് സംഭവം. പിന്നാലെ വന്ന പോലീസ് ബസ് ഹോൺ മുഴക്കി. പക്ഷെ, കാർ ഒതുക്കാൻ സ്ഥലമുണ്ടായിരുന്നില്ല. കുറച്ചു കൂടി മുന്നോട്ടു പോയ ശേഷം കാർ ഒതുക്കാമെന്ന് കരുതിയപ്പോഴാണ് പോലീസ് ബസ് കാറിൽ കൊണ്ട് ഇടിപ്പിച്ചത്.
കാർ ഇടിപ്പിച്ച ശേഷം ബസിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ അസഭ്യം പറഞ്ഞു. എന്റെ അച്ഛനും ഒരു പോലീസ് ആയിരുന്നു. യൂണിഫോമിനോടുള്ള ബഹുമാനം കൊണ്ടാണ് തിരിച്ച് മറുപടി നൽകാതിരുന്നത്. മുഴുവൻ സേനയ്ക്കും ചീത്തപ്പേര് ഉണ്ടാക്കുന്ന പോലീസ് ഗുണ്ടകളാണ് ഇവർ- കൃഷ്ണകുമാർ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധം കനക്കുകയാണ്.
















Comments