ഏറ്റവുമധികം ഔഷധ ഗുണങ്ങളടങ്ങിയ ഒന്നാണ് ചെമ്പരത്തി ചായ. ചെമ്പരത്തി ചായ കുടിയ്‌ക്കുന്നതിലൂടെ ആരോഗ്യത്തിന് നിരവധി ഗുണങ്ങളാണ് ഉണ്ടാകുന്നത്. ഇത് ശീലമാക്കുന്നതോടെ രക്തസമ്മർദ്ദം കുറയ്‌ക്കാനും ശരീരത്തിലെ ബാക്ടീരിയകളെ ഇല്ലാതാക്കാനും സഹായിക്കും.
ചെമ്പരത്തി പൂക്കൾ ഉണക്കി വെള്ളത്തിലിട്ട് നന്നായി തിളപ്പിച്ചാണ് ഈ ഔഷധ ചായ തയാറാക്കുന്നത്. എരുവും പുളിയും കലർന്ന രുചിയാണ് ചെമ്പരത്തി ചായയ്‌ക്കുള്ളത്. ചെമ്പരത്തി ചെടികൾ വളരുന്ന കാലാവസ്ഥയ്‌ക്ക് അനുസൃതമായി പൂവിന്റെ രൂപത്തിനും രുചിയ്‌ക്കും മാറ്റം വരും. ചായ തയ്യാറാക്കാനായി സബ്ദാരിഫ എന്ന ഇനത്തിൽപ്പെട്ട ചെമ്പരത്തി പൂക്കളാണ് സാധാരണയായി ഉപയോഗിക്കുന്നത്.
ചെമ്പരത്തിയിൽ ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. കോശങ്ങളുടെ പ്രവർത്തനക്ഷമത കുറയ്‌ക്കുന്ന ഫ്രീ റാഡിക്കലുകളെ നശിപ്പിക്കാൻ കഴിവുള്ള തന്മാത്രകളാണ് ആന്റി ഓക്സിഡന്റുകൾ. ചെമ്പരത്തി ചായ കുടിയ്‌ക്കുന്നതിലൂടെ ശരീരത്തിലെ എൻസൈമുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നു. ഇതിലൂടെ ഫ്രീ റാഡിക്കലുകളുടെ അളവ് 92 ശതമാനം വരെ കുറയ്‌ക്കാൻ സഹായിക്കുന്നു.
രക്തസമ്മർദ്ദം കുറയ്‌ക്കാൻ ഏറ്റവും നല്ല ഉപാധിയാണ് ചെമ്പരത്തി ചായ. രക്തസമ്മർദ്ദം കൂടുതലുള്ളവരെ തിരഞ്ഞെടുത്ത് അവരോട് ചെമ്പരത്തി ചായ പതിവായി കുടിയ്‌ക്കാൻ ഗവേഷകർ ആവശ്യപ്പെട്ടു. തുടർന്ന് ഇത് കുടിച്ചവരിൽ രക്തസമ്മർദ്ദം ഗണ്യമായ കുറഞ്ഞതായാണ് പഠനം കണ്ടെത്തിയത്. രക്തത്തിൽ അടിഞ്ഞ് കൂടുന്ന കൊഴുപ്പിന്റെ അളവ് കുറയ്‌ക്കാനും ചെമ്പരത്തി ചായ നല്ലതാണ്. കരളിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് മികച്ച ഒന്നാണിത്. ലിവർ സിറോസിസ് പോലുള്ള രോഗാവസ്ഥയെ പ്രതിരോധിക്കാനും ചെമ്പരത്തി ചായ കുടിയ്‌ക്കുന്നതിലൂടെ സാധിക്കും.
അതുപോലെ, ശരീരഭാരം കുറയ്‌ക്കാൻ അത്യുത്തമമാണ് ചെമ്പരത്തി ചായ. 12 ആഴ്ചകൾ പതിവായി ചെമ്പരത്തി ചായ കുടിക്കുന്നതിലൂടെ ശരീരഭാരം എളുപ്പത്തിൽ കുറയ്‌ക്കാൻ സാധിക്കുന്നു. ചെമ്പരത്തി ചായയിൽ പോളിഫെനോളുകളുടെ അളവ് കൂടുതലായി അടങ്ങിയിട്ടുള്ളതിനാൽ ഇത് ക്യാൻസർ പോലുള്ള രോഗങ്ങൾ വരാനുള്ള സാധ്യതയും കുറയ്‌ക്കുന്നു.
Comments