പല്ലേക്കലെ: ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്താൻ മത്സരം കനത്ത മഴയെ തുടർന്ന് ഉപേക്ഷിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.5 ഓവറില്‍ 266 റണ്‍സ് നേടിയിരുന്നു. ഇഷാൻ കിഷനും ഹാർദിക് പാണ്ഡ്യയയുമാണ് അർദ്ധ സെഞ്ച്വറികളുടെ കരുത്തിൽ ഇന്ത്യയ്‌ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിംഗിന് പാകിസ്താൻ ഇറങ്ങുന്നതിന് മുമ്പ് മഴ കനത്തു. മത്സരം തുടങ്ങാൻ സമയം വൈകുമെന്നതിനാൽ കളി ഉപേക്ഷിക്കുകയായിരുന്നു.
മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമുകളും ഓരോ പോയിന്‍റ് വീതം പങ്കുവെച്ചു. ആദ്യ മത്സരത്തില്‍ നേപ്പാളിനെ തകര്‍ത്ത പാകിസ്താന് ഒരു പോയിന്റ് കൂടി ലഭിച്ചതോടെ പാക് ടീം സൂപ്പര്‍ ഫോറിൽ സ്ഥാനം നേടി. ഇന്ത്യയുടെ ബാറ്റിംഗിനിടയിലും മഴ കാരണം രണ്ട് തവണ മത്സരം മുടങ്ങിയിരുന്നു. രണ്ട് ദിവസമായി കാന്‍ഡിയിലെ പല്ലേക്കലെ സ്റ്റേഡിയത്തിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്.
കിഷൻ 81 പന്തിൽ 82 റൺസും ഹാർദിക് പാണ്ഡ്യ 90 പന്തിൽ 87 റൺസും ഇന്ത്യക്ക് വേണ്ടി നേടിയിരുന്നു. പാകിസ്താനു വേണ്ടി ഷഹീൻ അഫ്രീദി നാല് വിക്കറ്റും നസീം ഷാ, ഹാരിസ് റൗഫ് എന്നിവർ മൂന്നു വിക്കറ്റ് വീതവും വീഴ്‌ത്തി. ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ ടീമിന് തുടക്കത്തിൽ തന്നെ പാളുകയായിരുന്നു. എന്നാൽ, ഇഷാൻ-പാണ്ഡ്യ കൂട്ടുക്കെട്ട് ഇന്ത്യയെ മുന്നോട്ട് നയിച്ചു.
















Comments