മലയാള ടെലിവിഷനിൽ അവതാരികയായെത്തി പിന്നീട് നടിയും ആർജെയും ആയി മാറിയ താരമാണ് മീര നന്ദൻ. താരം വീണ്ടും സിനിമയിലേയ്‌ക്കും ടെലിവിഷനിലേക്കും തിരിച്ചെത്തുകയാണ്. സിനിമയിൽ ഒരു ഇടവേള എടുത്ത് ദുബായിൽ ആർജെ ആയി പോയതിനെക്കുറിച്ച് മനസ്സ് തുറക്കുകയാണ് മീര നന്ദൻ.
നടൻ ദിലീപുമായുള്ള സൗഹൃദത്തെ കുറിച്ചും ഒറ്റയ്‌ക്ക് ജീവിക്കുന്നതിനെക്കുറിച്ചും നടി അഭിമുഖത്തിൽ പറയുന്നുണ്ട്. ദുബായിലേക്ക് മാറുകയാണെന്ന് അറിയിച്ചപ്പോൾ അച്ഛനെയും അമ്മയെയും കുറിച്ച് ഓർക്കണമെന്നായിരുന്നു ദിലീപിന്റെ ഉപദേശം. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മീര നന്ദൻ ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.
‘റേഡിയോയിൽ ഓഫർ ലഭിച്ച സമയത്ത് അച്ഛനും അമ്മയും സമ്മതിക്കുമോ എന്ന പേടി ആയിരുന്നു. എന്നാൽ അവർ സമ്മതിച്ചു. കരിയറിൽ എടുത്ത തീരുമാനങ്ങളിലൊന്നും പശ്ചാത്താപമില്ല. എല്ലാം വിട്ടെറിഞ്ഞിട്ട് ആർജെ ആയി ജീവിതം തുടങ്ങിയപ്പോൾ ഫിനാൻഷ്യൽ ക്രൈസിസ് ആയിരുന്നു തുടക്കത്തിൽ നേരിട്ടത്. ഓരോ ദിവസവും പുതിയ പുതിയ കാര്യങ്ങൾ ആയിരുന്നു പഠിച്ചത്.
കുക്കിങ് പോലും അറിയില്ലായിരുന്നു, ഉലുവയും പരിപ്പും തമ്മിലുള്ള വ്യത്യാസം പോലും എനിക്ക് അറിയില്ലായിരുന്നു. ഒറ്റക്ക് ജീവിക്കാൻ എല്ലാ പെൺകുട്ടികളും ആഗ്രഹിക്കുന്ന കാര്യമല്ല. ഒറ്റയ്‌ക്ക് ജീവിക്കുന്നതിൽ നിന്നും ഒരുപാട് ചലഞ്ചസ് നേരിടേണ്ടി വരും. ഒരുപാട് കാര്യങ്ങൾ പഠിക്കാനായി, ദൈവം സഹായിച്ച് എനിക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. ഒറ്റയ്‌ക്ക് ജീവിക്കുന്നതിൽ ഞാൻ ഹാപ്പിയാണ്.
ഒരുപാട് അബദ്ധങ്ങളും തെറ്റുകളും ആർജെ ആയ തുടക്ക സമയത്ത് സംഭവിച്ചിട്ടുണ്ട്. ചില മോശം അനുഭവങ്ങളും ഉണ്ട്. നമുക്ക് എല്ലാം ഉണ്ട്, നമ്മൾ എല്ലാമായി എന്ന ഭാവം മറ്റൊരു രാജ്യത്തു താമസിക്കുമ്പോൾ തനിയെ മാറും. നമുക്ക് തന്നെ കുറേ മാറ്റങ്ങൾ വരും. ദുബായിൽ ജീവിച്ചതുകൊണ്ട് എനിക്ക് ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്.
എനിക്ക് സഹോദരനെ പോലെയാണ് ദിലീപേട്ടൻ. ഞാൻ ദുബായിലേക്ക് മാറുകയാണെന്ന് ദിലീപേട്ടനെ വിളിച്ച് പറയുമ്പോൾ എന്നോട് പറഞ്ഞത് നീ നിന്റെ അച്ഛനെയും അമ്മയെയും കുറിച്ച് ആലോചിക്കണം എന്നാണ്.
നീ വേറെയൊരു സ്ഥലത്തേക്ക് മാറുകയാണെങ്കിലും ഒറ്റയ്‌ക്ക് ജീവിക്കാൻ തുടങ്ങുവാണെങ്കിലും എപ്പോഴും അവരെ കുറിച്ച് ചിന്തിക്കണം. അവർ ഇത്രയും നാൾ നിനക്ക് വേണ്ടി ചെയ്ത് തന്നിട്ടുള്ളത് എന്തൊക്കെയാണെന്ന് നീ എപ്പോഴും ആലോചിക്കണം. എന്നൊക്കെ പറഞ്ഞ് തരുന്ന സഹോദര തുല്യനാണ് ദിലീപേട്ടൻ എന്റെ ജീവിതത്തിൽ. അതിപ്പോഴും അങ്ങനെ തന്നെയാണ്.’ മീര നന്ദൻ പറഞ്ഞു.
















Comments