തിരുവനന്തപുരം: ഇടത് സർക്കാരിന്റെ ഓണം വാരാഘോഷയാത്രയിൽ ശ്രീനാരായണ ഗുരുദേവനെ അപമാനിച്ചതായി ആക്ഷേപം. തലസ്ഥാനത്ത് നടന്ന സമാപന ഘോഷയാത്രയിലാണ് സംഭവം. ഗുരുദേവന്റെ നിശ്ചലദൃശ്യത്തിന്റെ കഴുത്തിൽ കുരുക്കിട്ട് മുറുക്കിയ നിലയിലാണ് നഗര പ്രദക്ഷിണം നടത്തിയത്. ഇതിനെതിരെ സമൂഹ മാദ്ധ്യമങ്ങളിലടക്കം വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
സാംസ്‌കാരിക വകുപ്പ് ഒരുക്കിയ നിശ്ചല ദൃശ്യത്തിലാണ് ഗുരുദേവനെ പരസ്യമായി അപമാനിച്ചത്. ഗുരുദേവ പ്രതിമയുടെ കഴുത്തിൽ കുരിക്കിട്ട് പിന്നിലേക്ക് കെട്ടിവെച്ച നിലയിലായിരുന്നു തുറന്ന വാഹനത്തിലെ പ്രദർശനം.
പിണറായി വിജയൻ സർക്കാർ ഭൂരിപക്ഷ വിഭാഗത്തെ അപമാനിക്കുന്നതിന്റെ തുടർച്ചയാണ് ഈ നടപടിയെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ പ്രൊഫ വി ടി രമ പറഞ്ഞു. കാലങ്ങളായി ഹൈന്ദവ സമൂഹത്തെ അധിക്ഷേപിച്ച ഇടത് സർക്കാർ സാംസ്‌കാരിക ഘോഷയാത്രയിൽ അഭിവന്ദ്യ സന്യാസി സ്രഷ്ടനായ ശ്രീനാരായണ ഗുരുദേവനെ കഴുത്തിൽ കയറിട്ട് കെട്ടിവലിക്കുന്നത് പോലെ നിന്ദ്യമായി ചിത്രീകരിച്ചത് ലോക കേരളത്തിന്റെ മുന്നിലാണ്. പാടില്ലാത്ത കാര്യമാണ് സർക്കാർ ചെയ്തത്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നും വി ടി രമ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എഎം ഷംസീർ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, എംഎൽഎമാർ, എംപിമാർ എന്നിവർ പങ്കെടുത്ത പരിപാടിയിലാണ് ശ്രീനാരായണ ഗുരുദേവനെ പരസ്യമായി അപമാനിച്ചത്.
Comments