ചിട്ടയില്ലാത്ത ഭക്ഷണ ക്രമത്താലോ ജീവിത ശൈലികൊണ്ടോ ഉണ്ടാകാവുന്ന പ്രശ്‌നമാണ് അസിഡിറ്റി. സ്ഥിരമായ ദഹന പ്രശ്‌നങ്ങളിലേക്കും അൾസറിലേക്കും വരെ അസിഡിറ്റി നമ്മെ കൊണ്ടെത്തിച്ചേക്കാം. എന്നാൽ ഭക്ഷണ രീതിയിലും ചിട്ടയിലും മാറ്റം വരുത്തിയാൽ തന്നെ അസിഡിറ്റി പരിഹരിക്കാവുന്നതാണ്. ഇതാ കുറച്ച് പരിഹാര മാർഗ്ഗങ്ങൾ…
വലിയൊരു ഇടവേള എടുത്ത് ആഹാരം കഴിക്കുന്നതിനെക്കാൾ ഉചിതം ഇടയ്‌ക്കിടയ്‌ക്ക് എന്തെങ്കിലുമൊക്കെ കഴിക്കുന്നതാണ്. അതുപോലെ ധാരാളം വെള്ളം കുടിയ്‌ക്കാനും ശ്രദ്ധിക്കണം. ദഹനം എളുപ്പത്തിലാക്കുന്നതിനാണ് വെള്ളം കുടിയ്‌ക്കണമെന്ന് പറയുന്നത്. അസിഡിറ്റി ഇല്ലാതാക്കുന്നതിനായി ചില ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. അത്തരത്തിലെ ചില ആഹാരങ്ങൾ നോക്കാം.
ആസിഡ് അടങ്ങിയ ഓറഞ്ച്, നാരങ്ങ മുതലായ സിട്രസ് പഴങ്ങള്‍ അധികം കഴിക്കാതിരിക്കുന്നതാണ് അസിഡിറ്റിയുള്ളവര്‍ക്ക് നല്ലത്. പൂരിത കൊഴുപ്പ് അധികമായാൽ അത് കുടലിന്റെ ആരോഗ്യത്തെ ബാധിക്കാൻ സാധ്യതയുണ്ട്. പൂരിത കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ ദഹിക്കാൻ വളരെ അധികം ബുദ്ധിമുട്ടാണ്. അതിനാൽ ഡയറ്റിൽ നിന്നും ഇവയെയും ഒഴിവാക്കേണ്ടതാണ്.
എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, കൊഴുപ്പും എരുവും നിറഞ്ഞ ഭക്ഷണങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുക. പകരം ധാരാളം നാരടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതാണ് നല്ലത്. ചിലരിൽ ഉരുളക്കിഴങ്ങ്, ബീൻസ് എന്നിവ അസിഡിറ്റി ഉണ്ടാക്കാം. ഇത്തരത്തില്‍ അസിഡിറ്റി കൂട്ടുന്ന ആഹാരം ഒഴിവാക്കാൻ ശ്രദ്ധിക്കുക.
ഉയർന്ന അളവിൽ ഉപ്പ്, പഞ്ചസാര എന്നിവ അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്ന് ഒഴിവാക്കുന്നതാണ് വയറിന്‍റെ ആരോഗ്യത്തിന് നല്ലത്. കഫൈന്‍ അടങ്ങിയ ഭക്ഷണം പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക. ചിലരില്‍ കാപ്പി, പാല്‍, ചായ, വെണ്ണ എന്നിവ അസിഡിറ്റി ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്.
















Comments