തിരുവനന്തപുരം: ആധാർ സംബന്ധിച്ച എല്ലാ വിവരങ്ങളും സൗജന്യമായി തിരുത്താനുള്ള സമയപരിധി ഉടൻ അവസാനിക്കും. ഒരാഴ്ച മാത്രമാണ് ആധാർ വിവരങ്ങൾ തിരുത്താനുള്ള അവസാന സമയ പരിധി. സെപ്റ്റംബർ 14-ഓടെ സമയ പരിധി അവസാനിക്കും. നേരത്തെ ജൂൺ 14 വരെയായിരുന്നു തിരുത്താനുള്ള അവസാന കാലാവധി. അത് പിന്നീട് മൂന്ന് മാസം കൂടി നീട്ടുകയായിരുന്നു.
ഇപ്പോൾ എല്ലാ സർക്കാർ സേവനങ്ങളും ലഭ്യമാകുന്നതിന് ആധാർ ഐഡൻറിഫിക്കേഷൻ നിർബന്ധമാണ്. മിക്കരേഖകളും ആധാറുമായി ബന്ധിപ്പിക്കാൻ ഇതിനകം തന്നെ ആവശ്യപ്പെടുന്നുണ്ട്. പാൻ, പിഎഫ് പോലുള്ള സേവനങ്ങൾക്ക് ആധാർ നിർബന്ധമാക്കിയിരിക്കുകയാണ്. ആധാർ വിവരങ്ങൾ തിരുത്തുന്നതിനായി ഉടമകൾക്ക് നേരിട്ട് സൗജന്യമായി തിരുത്താവുന്നതാണ്. അക്ഷയ സെന്ററുകൾ വഴി തിരുത്തുന്നതിന് 50 രൂപ നൽകിയാൽ മതിയാകും. myaadhaar.uidai.gov.in എന്ന വെബ് സൈറ്റ് മുഖാന്തരം ഉടമകൾക്ക് സൗജന്യമായി വിവരങ്ങൾ തിരുത്താവുന്നതാണ്.
ആധാർ എടുത്ത് പത്ത് വർഷം പിന്നിട്ടിട്ടുംകാർഡിലെ വിവരങ്ങൾ ഒന്നും അപ്‌ഡേറ്റ് ചെയ്യാത്തവർ പുതിയ സമയ പരിധിക്കുള്ളിൽ ആധാർ അപ്‌ഡേറ്റ് ചെയ്യണമെന്നാണ് ആധാർ ഏജൻസിയായ യുഐഡിഎഐ (യൂണിഫൈഡ് ഐഡൻറിഫിക്കേഷൻ അതോററ്ററി ഓഫ് ഇന്ത്യ) പറയുന്നത്. ആധാർ വിവരങ്ങളുടെ കൃത്യത ഉറപ്പിക്കാനാണ് ഈ നീക്കം.
ആധാർ കാർഡ് നഷ്ടപ്പെട്ടാലോ?
ആധാർ നഷ്ടമായാൽ മുൻപത്തെ പോലെ ആശങ്കപ്പെടേണ്ടതില്ല. ആധാർ കാർഡ് നഷ്ടപ്പെട്ടാൽ ഓൺലൈനായി അപേക്ഷിച്ച് പുതിയ പിവിസി കാർഡിനായി ഓർഡർ ചെയ്യാവുന്നതാണ്. ഓഫ്ലൈനായും ഡ്യുപ്ലിക്കേറ്റ് ആധാറിനായി അപേക്ഷിക്കാവുന്നതാണ്. ‘യുഐഡിഎഐ ഓർഡർ ആധാർ പിവിസി കാർഡ്’ എന്ന പേരിൽ ഒരു ഓൺലൈൻ സേവനവും ആരംഭിച്ചിട്ടുണ്ട്.
ഇ ആധാറിന് അപേക്ഷിക്കുന്നതെങ്ങനെയെന്ന് നോക്കാം.
ആദ്യം https://myaadhaar.uidai.gov.in/genricPVC എന്ന വെബ് സൈറ്റ് സന്ദർശിക്കുക.
തുടർന്ന് 12 അക്ക ആധാർ നമ്പറും ക്യാപ്ച കോഡും നൽകുക.
ശേഷം മൊബൈൽ നമ്പറിൽ വന്ന ഒടിപി നൽകുക.
അതിന്‌ശേഷം സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
ആധാർ വിശദാംശങ്ങളുടെ പ്രിവ്യൂ കാണാൻ കഴിയും.
തുടർന്ന് വിശദാംശങ്ങൾ പരിശോധിച്ച് തെറ്റില്ലെന്ന് ഉറപ്പുവരുത്തുക. ആവശ്യമായ പേയ്‌മെന്റ് ട്രാൻസ്ഫർ ചെയ്യുക. ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, യുപിഐ തുടങ്ങിയ നിരവധി പേയ്മെന്റ് ഓപ്ഷനുകൾ ലഭ്യമാണ്. പേയ്മെന്റിന് ശേഷം റസീപ്റ്റ് ഡൗൺലോഡ് ചെയ്യാം.
Comments