തൃശൂർ: സനാതനധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന തമിഴ്നാട് കായികമന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയെ വിമർശിച്ച് നടനും മുൻ എം പിയുമായ സുരേഷ് ഗോപി. ദേശീയ തലത്തിൽ വലിയൊരു സംഘം ഭാരതത്തിന്റെ നാമം കളങ്കപ്പെടുത്താനായി വിഷസർപ്പങ്ങളെ പോലെ രൂപീകൃതമായിട്ടുണ്ട്. അങ്ങനെയുള്ളവരുടെ മനോഘടനയാണ് കഴിഞ്ഞദിവസം തമിഴ്‌നാട്ടിൽ നിന്നും വിഷങ്ങളായി വമിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു.
സനാതന ധർമ്മത്തിന് നേരെ വരുന്ന ഓരോ വെല്ലുവിളികൾക്കും ക്ഷേത്രങ്ങൾ കവചങ്ങളായി പ്രവർത്തിക്കണം, വരാൻ പോകുന്ന തലമുറക്ക് വഴികാട്ടികളായി ക്ഷേത്രങ്ങൾ മാറണം. ഓരോ മിത്ത് വിവാദവും ഹൈന്ദവ സമാജത്തിന് ഊർജ്ജം പകരുന്നതാണ്. വിശ്വാസങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളെ പ്രാർത്ഥനയോടെ നേരിടണമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
തൃശൂർ മോതിരക്കണ്ണി മണ്ണുപ്പുറം ക്ഷേത്രത്തിൽ പഞ്ചവർണ്ണ ചുമർ ചിത്രങ്ങളുടെ സമർപ്പണ ചടങ്ങിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മണ്ണുപ്പുറം ക്ഷേത്രത്തിൽ ആറ് മാസം കൊണ്ട് പൂർത്തിയാക്കിയ ചുമർ ചിത്രങ്ങളിൽ കിരാതർജൂനീയം, കണ്ണപ്പ ചരിതവുമാണ് രചിച്ചിരിക്കുന്നത്. ക്ഷേത്രം മേൽശാന്തി കേശവ ശർമ്മ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു.
Comments