കാല്‍പന്ത് കളിയുടെ വിശ്വകിരീടം അര്‍ജന്റീന ഉയര്‍ത്തിയതിന് പിന്നാലെ ഖത്തര്‍ ലോകകപ്പിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മെസിക്ക് വേണ്ടിയാണ് ലോകകപ്പ് നടത്തിയതെന്നും അര്‍ജന്റീനക്കും ലയണല്‍ മെസിക്കും കിരീടം നല്‍കാന്‍ വേണ്ടി മുന്‍കൂട്ടി തീരുമാനിച്ച പ്രകാരമാണ് ടൂര്‍ണമെന്റ് നടന്നതെന്നും ആരോപണങ്ങള്‍ വന്നു. ഇതിന് അര്‍ജന്റീനയ്‌ക്ക് ലഭിച്ച പെനാല്‍റ്റി കിക്കുകള്‍ ചൂണ്ടികാട്ടി വിമര്‍ശകര്‍ രംഗത്തെത്തിയിരുന്നു.
അര്‍ജന്റീന കിരീടം ഉയര്‍ത്തി മാസങ്ങള്‍ പിന്നിടുമ്പോഴാണ് വീണ്ടും സമാന ആരോപണം തലപൊക്കുന്നത്. ഇപ്പോള്‍ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത് ചില്ലക്കാരനല്ല.ഖത്തര്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയോട് തോല്‍വി വഴങ്ങിയ നെതര്‍ലാന്‍ഡ്സ് ടീമിന്റെ പരിശീലകനായിരുന്ന ലൂയിസ് വാന്‍ഗാളാണ് കഴിഞ്ഞ ദിവസം ആരോപണവുമായി രംഗത്തെത്തിയത്. ലയണല്‍ മെസിക്ക് ലോകകപ്പ് നേടിക്കൊടുക്കുക പലരുടെയും ആവശ്യമായിരുന്നുവെന്നും അതിനു വേണ്ടി നടത്തിയ ടൂര്ണമെന്റാണിതെന്നാണ് കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖത്തില്‍ വാന്‍ഗാള്‍ തുറന്നടിച്ചത്.
”കൂടുതലൊന്നും പറയാനില്ല, ആ മത്സരത്തിലെ സ്‌കോര്‍ 2-2 ആയിരുന്നു, എക്സ്ട്രാ ടൈമും പെനാല്‍റ്റിയും ഉണ്ടായിരുന്നു. അര്‍ജന്റീനയുടെ ഗോളുകളും ഞങ്ങളുടെ ഗോളുകളും അവര്‍ നടത്തിയ ഫൗള്‍ അനുവദിക്കാതിരുന്നതും നോക്കുമ്പോള്‍ മുന്‍കൂട്ടി തീരുമാനിച്ചതാണെല്ലാം എന്നാണു തോന്നുന്നത്. മെസി ലോകകപ്പ് നേടുകയെന്നത് പലരുടെയും ആവശ്യമായിരുന്നു.” വാന്‍ഗാള്‍ പറഞ്ഞു.
















Comments