ന്യൂഡൽഹി: ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന യുദ്ധ പ്രഖ്യാപനമാണെന്ന് ആർഎസ്എസ് പ്രജ്ഞാപ്രവാഹ് ജെ. നന്ദകുമാർ. ഉദയനിധി നടത്തിയ പരാമർശം സനാതന ധർമ്മത്തിനെതിരായ യുദ്ധപ്രഖ്യാപനവുമാണെന്നും ദക്ഷിണ ഭാരതത്തിൽ നിന്ന് ഭാരതത്തെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേസരി കോൺക്ലേവ് 2023ന്റെ സ്വാഗതസംഘ രൂപീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സനാതന ധർമ്മത്തെക്കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടാണോ ഇങ്ങനെ പറയുന്നത്. ഹിന്ദുധർമ്മത്തെയും ദേശീയ പ്രസ്ഥാനങ്ങളെയും വംശഹത്യ നടത്തണമെന്നും ആഹ്വാനം ചെയ്തിരിക്കുന്നു. ദക്ഷിണഭാരതത്തെ ഭാരതത്തിൽ നിന്ന് അടർത്തിമാറ്റാൻ കാലങ്ങളായി ശ്രമങ്ങൾ നടക്കുന്നുണ്ട്. ഭാരതത്തെ ദുർബലപ്പെടുത്താനുള്ള പരിശ്രമത്തിന്റെ പ്രഭവകേന്ദ്രമായി കേരളം മാറിയിരിക്കുന്നു. കാലങ്ങളായി കേരളത്തിൽ രാഷ്ട്രവിരുദ്ധചേരി അനൗദ്യോഗികമായി പ്രവർത്തിക്കുകയാണ്. ദേശീയ പ്രസ്ഥാനങ്ങളെ തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.
കേരളത്തെകുറിച്ച് വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ്. അത് ചൂണ്ടിക്കാണിക്കുന്നവരെ തെറ്റുകാരായി ചിത്രീകരിക്കുന്നു. കേരളത്തെക്കുറിച്ചുള്ള വസ്തുതകൾ ശരിയാംവണ്ണം അവതരിപ്പിക്കേണ്ടത് കലത്തിന്റെ ആവശ്യമാണ്. യഥാർത്ഥ വസ്തുതകൾ തിരിച്ചറിയണമെന്നും തെറ്റായ ആഖ്യാനങ്ങളിൽ അഭിരമിക്കുന്ന കേരളത്തിന്റെ അവസ്ഥയ്ക്ക് മാറ്റം വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments