ഡൽഹി: തന്റെ ഇന്ത്യൻ വേരുകളിൽ തനിക്ക് അഭിമാനമുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഭാരതമായും ഭാരതീയരുമായും തനിക്ക് വളരെയധികം ബന്ധമുണ്ടെന്നും താൻ ഹിന്ദു എന്നതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് ഋഷി സുനക് ഇക്കാര്യം വ്യക്തമാക്കിയത്. സെപ്തംബർ 9, 10 തീയതികളിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യ സന്ദർശിക്കുന്നതിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘ബ്രിട്ടന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഇന്ത്യൻ ജനതയിൽ നിന്നും നല്ല പ്രതികരണങ്ങളാണ് ലഭിച്ചത്. എന്റെ ഇന്ത്യൻ വേരുകളിലും ഇന്ത്യയുമായുള്ള ബന്ധത്തിലും വളരെയധികം ഞാൻ അഭിമാനിക്കുന്നു. നിങ്ങൾക്കറിയാവുന്നതുപോലെ, എന്റെ ഭാര്യ ഇന്ത്യക്കാരിയാണ്. ഹിന്ദു എന്നതിൽ അഭിമാനിക്കുന്ന ആളാണ് ഞാനും. ഇന്ത്യയുമായും ഇന്ത്യയിലെ ജനങ്ങളുമായും എനിക്ക് എപ്പോഴും ഒരു ബന്ധം ഉണ്ടായിരിക്കും. പ്രധാനമന്ത്രിയായതിന് ശേഷം ഡൗണിംഗ് സ്ട്രീറ്റിൽ ദീപാവലിക്ക് ഒരു സ്വീകരണം നടത്തുകയാണ് ഞാൻ ആദ്യം ചെയ്തത്. നിരവധി ബ്രിട്ടീഷ് ഇന്ത്യക്കാരെ ഇതിൽ സ്വാഗതം ചെയ്യാനുള്ള അവസരം ലഭിച്ചു. വിളക്കുകളും പൂക്കളും കൊണ്ട് അലങ്കരിച്ച കെട്ടിടം കണ്ടപ്പോൾ അവിശ്വസനീയമായി തോന്നി. എനിക്കത് അഭിമാനവും വൈകാരികവുമായ നിമിഷമായിരുന്നു’.
‘ഇന്ത്യയുമായി ആഴത്തിൽ ബന്ധമുള്ള ബ്രിട്ടനിലെ നിരവധി ആളുകളുടെ കഥയാണ് എന്റെയും കഥ. നമ്മുടെ രാജ്യത്തിന്റെ ശക്തി അതിന്റെ വൈവിധ്യത്തിലാണ്. പ്രധാനമന്ത്രിയായതിന് ശേഷം ഇത് ഞാൻ പലതവണ നേരിട്ട് കണ്ടതാണ്. അക്ഷതയ്‌ക്കൊപ്പം ജി 20യ്‌ക്കായി ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ കഴിയുന്നത് സന്തോഷമാണ്. ചെറുപ്പത്തിൽ ഞങ്ങൾ പോയിരുന്ന ചില സ്ഥലങ്ങൾ സന്ദർശിക്കാൻ ഞങ്ങൾക്ക് വീണ്ടും അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാനും ഇന്ത്യയും യുകെയും തമ്മിലുള്ള സഹകരണം വിവിധ ആഗോള വെല്ലുവിളികളെ നേരിടാൻ എങ്ങനെ ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോകാം എന്നതിനെപ്പറ്റി ചർച്ച ചെയ്യാനും ഞാൻ ആഗ്രഹിക്കുന്നു’- ഋഷി സുനക് പറഞ്ഞു.
Comments