ന്യൂഡൽഹി: വിശ്വനേതാക്കളുടെ സമ്മേളത്തിനായി ഒരുങ്ങി രാജ്യ തലസ്ഥാനം. കനത്ത സുരക്ഷയിൽ നടക്കുന്ന ഉച്ചകോടിയിൽ 40 ലോകനേതാക്കൾ പങ്കെടുക്കും. ആഗോള നന്മയ്‌ക്കായി കൂട്ടായ പ്രവർത്തനം നിർദ്ദേശിച്ചുകൊണ്ടുള്ള നിർണായക പ്രഖ്യാപനങ്ങൾ യോഗത്തലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജി20 ഉച്ചകോടിയോട് അനുബന്ധിച്ച് നാളെ മുതൽ മൂന്ന് ദിവസത്തേക്ക് പൊതുഅവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇന്ന് ഡൽഹിയിൽ എത്തും. നാല് ദിവസം അദ്ദേഹം ഇന്ത്യയിൽ തുടരും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് എന്നിവരും ഇന്നെത്തും. അംഗരാജ്യങ്ങൾക്ക് പുറമെ സുഹൃദ് രാജ്യങ്ങളെയും ഇന്ത്യ ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. റഷ്യൻ പ്രസിഡന്റ് വ്‌ളാമിദിർ പുടിൻ എത്തില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചിരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങും സമ്മേളനത്തിന് എത്തില്ല. ഉക്രൈൻ പ്രസിഡന്റ് വ്‌ളാമിദിർ സെലൻസ്‌കിയ്‌ക്ക് ക്ഷണം ലഭിച്ചിട്ടില്ല. അതിനാൽ അദ്ദേഹവും പങ്കെടുക്കില്ല.
ഉച്ചകോടിക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നിലവിൽ ലോകം നേരിടുന്ന വിവിധ പ്രതിസന്ധികൾ സംബന്ധിച്ചുള്ള നിർണ്ണായക ചർച്ചകൾ ഉച്ചകോടിയിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉച്ചകോടിക്കായി വിവിധ രാഷ്‌ട്രങ്ങളിലെ പ്രതിനിധികൾ ഡൽഹിയിലേക്ക് എത്തി തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും തമ്മലുള്ള ഉഭയക്ഷി ചർച്ച വെള്ളിയാഴ്‌ച്ച നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments