ന്യൂഡൽഹി: ഹിന്ദുത്വത്തെ ഉന്മൂലനം ചെയ്യണമെന്ന ഡിഎംകെ മന്ത്രി ഉദയനിധി സ്റ്റാലിന്റെയും ഡിഎംകെ എംപി എ രാജയ്‌ക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. അഭിഭാഷകനായ വിനീത് ജിൻഡാലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത്. വിദ്വേഷ പ്രസംഗങ്ങളിൽ സ്വമേധയാ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന സുപ്രീം കോടതിയുടെ നിർദ്ദേശം പാലിക്കാത്ത ഡൽഹി പോലീസിനും ചെന്നൈ പോലീസിനുമെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
തന്റെ മതവികാരം വ്രണപ്പെടുത്തിയ പ്രസ്താവനയാണ് ഉദയനിധി സ്റ്റാലിൻ നടത്തിയതെന്നും സനാതന ധർമം ഡെങ്കിപ്പനി, കൊറോണ, മലേറിയ എന്നിവയുമായി താരതമ്യം ചെയ്തത് വിദ്വേഷ പ്രസംഗത്തിന് തുല്യമാണെന്നും ഹർജ്ജിയിൽ ആരോപിക്കുന്നു. ഹിന്ദുത്വത്തെ അപമാനിച്ചതിനും
മതവികാരം വ്രണപ്പെടുത്തിയതിനും വർഗീയത പടർത്തിയതിനും ഉദയനിധി സ്റ്റാലിനെതിരെ കേസെടുക്കണമെന്നാണ് ആവശ്യം.
കേസിൽ കക്ഷിയാകാൻ ഒരു ഹർജിയും ഡിഎംകെ നേതാക്കൾക്കെതിരെ എഫ്‌ഐആറിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു ഹർജിയുമാണ് ജിൻഡാൽ സമർപ്പിച്ചിരിക്കുന്നത്. സനാതന ധർമം ഉന്മൂലനം ചെയ്യണമെന്നുമായിരുന്നു ഉദയനിധിയുടെ പ്രസ്താവനയെങ്കിൽ സനാതന ധർമത്തെ കുഷ്ടരോഗത്തോടും എച്ച്ഐവിയോടും താരതമ്യം ചെയ്തായിരുന്നു രാജയുടെ പരാമർശം.
Comments