ന്യൂഡൽഹി: ഓരോ വർഷവും ജി 20 അദ്ധ്യക്ഷ സ്ഥാനം ആരാണ് വഹിക്കുന്നതെന്ന് തീരുമാനിക്കുന്നത് ‘ബക്കറ്റ് സമ്പ്രദായ’ത്തിലൂടെയാണ്. 20 അംഗങ്ങളിൽ, യൂറോപ്യൻ യൂണിയൻ ഒഴികെയുള്ള 19 അംഗരാജ്യങ്ങൾക്കാണ് അദ്ധ്യക്ഷ സ്ഥാനം വഹിക്കാൻ അർഹതയുള്ളത്. 5 ഉപഗ്രൂപ്പുകളായിട്ടാണ് (ബക്കറ്റ്) രാജ്യങ്ങളെ തിരിച്ചിരിക്കുന്നത്. 4 ഉപഗ്രൂപ്പുകളിൽ 4 വീതവും മറ്റൊന്നിൽ 3 രാജ്യങ്ങളുമാണുള്ളത്. റൊട്ടേഷൻ അടിസ്ഥാനത്തിൽ ഈ ഉപഗ്രൂപ്പുകളിൽ നിന്നാണ് അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നത്.
ഓരോ തവണ ഓരോ ബക്കറ്റിനാണ് അവസരം ലഭിക്കുക. ശേഷം അവസരം ലഭിക്കുന്ന ബക്കറ്റിലെ രാജ്യങ്ങൾ തമ്മിൽ കൂടി ആലോചിച്ചാണ് അദ്ധ്യക്ഷ രാജ്യത്തെ തെരഞ്ഞെടുക്കുന്നത്. ഒരു വർഷം വികസിത രാജ്യത്ത് ഉച്ചകോടി നടന്നാൽ അടുത്തവർഷം വികസ്വര രാജ്യത്തു നടത്തണമെന്നാണ് വ്യവസ്ഥ. ആദ്യ 6 ഉച്ചകോടികൾ വികസിത രാജ്യങ്ങളിൽ നടന്നതിനാൽ ഈ രീതി നിലവിൽ പിന്തുടരുന്നില്ല. 2025 മുതൽ ഇതു നടപ്പാകാനാണ് സാധ്യത. ഭൂമിശാസ്ത്രപരമായാണ് ബക്കറ്റുകൾ നിർണയിക്കുന്നത്. എന്നാൽ, ഇന്ത്യ ഉൾപ്പെടുന്ന രണ്ടാം ബക്കറ്റ് ഇതിൽ നിന്നും വ്യത്യസ്തമാണ്. രണ്ടാം ബക്കറ്റിൽ ഇന്ത്യക്ക് ഒപ്പമുള്ളത് റഷ്യ, ദക്ഷിണാഫ്രിക്ക, തുർക്കി എന്നീ രാജ്യങ്ങളാണ്.
ജി 20ക്ക് സ്ഥിരമായൊരു സെക്രട്ടറിയറ്റ് ഇല്ല. തൊട്ടുമുമ്പ് ചെയർമാൻ സ്ഥാനം വഹിച്ചിരുന്ന രാജ്യവും നിലവിലെ ചെയർമാൻ രാജ്യവും അടുത്ത രാജ്യവും തമ്മിലുള്ള ത്രികക്ഷി സഹകരണത്തിലൂടെയാണ് പ്രവർത്തനം നടക്കുന്നത്. സാമ്പത്തിക ശാസ്ത്രത്തിനും വ്യാപാരത്തിനും മാത്രമല്ല, കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര വികസനം, ആരോഗ്യം, കൃഷി, ഊർജം, പരിസ്ഥിതി എന്നിവയ്‌ക്കായുള്ള അന്താരാഷ്‌ട്ര ഫോറമാണ് ജി20.
രൂപീകരിക്കാൻ കാരണം സാമ്പത്തിക പ്രതിസന്ധി
1997-98 ലെ ഏഷ്യൻ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം പരസ്പര സഹകരണത്തിനായി 1999 ലാണ് ജി 20 രൂപീകരിച്ചത്. ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും അനൗപചാരിക ഫോറം മാത്രമായിരുന്നു ആദ്യം ജി20. 2008 ലാണ് ഒരു കൂട്ടം ഭരണാധികാരികളുടെ കൂട്ടമായത്. 2007-2008ലെ സാമ്പത്തിക പ്രതിസന്ധിയായിരുന്നു ഇതിന് കാരണം. ഇതുവരെ 18 ഉച്ചകോടികളാണ് നടന്നത്. 2009ലും 2010ലും രണ്ട് സമ്മേളനങ്ങൾ നടന്നു. കഴിഞ്ഞ വർഷം ഇന്തോനേഷ്യയിലായിരുന്നു ഉച്ചകോടി. അടുത്ത വർഷം ബ്രസീലിലാണ് ജി20.
ആഗോള സമ്പദ്‌വ്യവസ്ഥയുടെ 85 ശതമാനവും അന്താരാഷ്‌ട്ര വ്യാപാരത്തിന്റെ 75 ശതമാനവും ജി 20 രാജ്യങ്ങളിലാണ്. ലോക ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും ഈ രാജ്യങ്ങളിലാണ്.
G20 അംഗങ്ങൾ
അർജന്റീന, ഓസ്‌ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, ദക്ഷിണ കൊറിയ, മെക്സിക്കോ, റഷ്യ, സൗദി, ദക്ഷിണാഫ്രിക്ക, തുർക്കി, ബ്രിട്ടൻ, യുഎസ്, യൂറോപ്യൻ യൂണിയൻ.
Comments