ഒരിക്കലെങ്കിലും ഗ്ലാസ്ബ്രിഡ്ജിന് മുകളിൽ കയറണമെന്ന് ആഗ്രഹിക്കാത്തവർ ചുരുക്കമായിരിക്കും. മരങ്ങൾക്കും കാടുകൾക്കും മുകളിലായി നിന്നുകൊണ്ടുള്ള മനോഹരമായ കാഴ്ച. ധൈര്യവും സാഹസികതയും അളക്കുന്ന ചില്ലുപാലങ്ങൾ സഞ്ചാരികളുടെ ആവേശമാണ്. ആകാശക്കാഴ്ച ഒരുക്കുന്ന ചില്ലുപാലം ഇന്ന് രാജ്യത്തിന്റെ വിവിധ ഇടങ്ങളിലുണ്ട്. മലനിരകളുടെയും പുൽമേടുകളുടെയും ആകാശത്തിന്റെയും പനോരമിക് വ്യൂ നൽകുന്ന ചില്ലുപാലം ചില്ലുപാലങ്ങളെ ഭയപ്പെടേണ്ടതില്ല. ഇന്ത്യയിലെ നാല് പ്രധാന ഗ്ലാസ് ബ്രിഡ്ജുകൾ ഏതൊക്കെയെന്ന് നോക്കാം…
വാഗമൺ ഗ്ലാസ് ബ്രിഡ്ജ്
രാജ്യത്തെ തന്നെ ഏറ്റവും നീളം കൂടി ചില്ലുപാലമാണ് വാഗമണ്ണിലേത്. ഈ കഴിഞ്ഞ സെപ്റ്റംബർ ആറ് ബുധനാഴ്ചയാണ് സഞ്ചാരികൾക്കായി തുറന്നു നൽകിയത്. 3,600 അടി ഉയരത്തിലായി 120 അടി നീളത്തിലുള്ള ചില്ലുപാലം കാന്റിലിവർ മാതൃകയിലാണ് നിർമ്മിച്ചിട്ടുള്ളത്. ഒരേ സമയം 15 പേർക്കാണ് പാലത്തിൽ കയറാനാകുക. അഞ്ച് മിനിറ്റ് മുതൽ 10 മിനിറ്റ് വരെയാണ് പാലത്തിൽ ചിലവഴിക്കാനാകുന്ന സമയം.
ഇതിൽ നിൽക്കുമ്പോൾ മുണ്ടക്കയം, കൂട്ടിക്കൽ, കൊക്കയാർ എന്നീ സ്ഥലങ്ങൾ വരെയും കാണാനാകും. മൂന്ന് കോടി രൂപാ ചിലവിലാണ് പാലത്തിന്റെ നിർമ്മാണം. വാഗമണ്ണിലെ അഡ്വഞ്ചർ പാർക്കിലാണ് ചില്ലുപാലം സ്ഥിതി ചെയ്യുന്നത്. 500 രൂപയാണ് ഒരാൾക്ക് കയറുന്നതിനായി നൽകേണ്ട ഫീസ്.
രാജ്ഗിർ ഗ്ലാസ് ബ്രിഡ്ജ്, ബീഹാർ
രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഗ്ലാസ് ബ്രിഡ്ജുകളിൽ ഒന്നാണ് ബീഹാറിലെ നളന്ദയിൽ സ്ഥിതി ചെയ്യുന്ന ചില്ലുപാലം. ചൈനയിലെ ഹാങ്ഷൗ ഗ്ലാസ് പാലത്തിന്റെ മാതൃകയിലാണ് നിർമ്മാണം. 85 അടി നീളവും 6 അടി വീതിയുമുള്ള ഈ പാലം കൗതുകം നിറയ്‌ക്കുന്ന കാഴ്ചയാണ്. ഒരു സമയം 40 പേർക്ക് വരെ പാലത്തിൽ കയറാനാകും. അഞ്ച് കുന്നുകൾക്കിടയിലായി സ്ഥിതി ചെയ്യുന്ന പാലം കാഴ്ചകളുടെ വിസ്മയം തീർക്കുന്ന ഒന്നാണ്. പരമാവധി 20 മിനിറ്റ് വരെ ഇതിൽ ചെലവഴിക്കുവാൻ സാധിക്കും.
പെല്ലിങ് ഗ്ലാസ് ബ്രിഡ്ജ്, സിക്കിം
രാജ്യത്തെ ആദ്യ സ്‌കൈ വാക്ക് അഥവാ ചില്ലുപാലമാണ് സിക്കിമിലെ പെല്ലിങ്ങിൽ സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 7,200 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സിക്കിം സ്‌കൈവാക്ക് ആകാശത്തിലൂടെ നടക്കുന്ന അനുഭവമാണ് നൽകുന്നത്. 137 അടി ഉയരമുള്ള ചെന്റെസിഗ് സ്മാരകത്തിന് മുകളിലാണ് പെല്ലിങ് സ്‌കൈ വാക്ക് സ്ഥിതി ചെയ്യുന്നത്. ഹിമാലയത്തോട് ചേർന്നുള്ള പ്രദേശമായതിനാൽ തന്നെ മഞ്ഞ് നിറയുമ്പോഴാണ് കൂടുതൽ ഭംഗി. രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെയാണ് സന്ദർശന സമയം. 50 രൂപയാണ് ഫീസ്.
900 കണ്ടി ഗ്ലാസ് ബ്രിഡ്ജ് വയനാട്
കേരളത്തിലെ ആദ്യത്തെ ചില്ലുപാലമാണ് വയനാട്ടിലെ തൊള്ളായിരം കണ്ടിയിൽ സ്ഥിതി ചെയ്യുന്ന ഗ്ലാസ് ബ്രിഡ്ജ്. ഫൈബറിൽ നിർമ്മിച്ചിരിക്കുന്ന ഈ ചില്ലു പാലം സ്വകാര്യ റിസോർട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ്. 100 രൂപ മുടക്കി നൂറടി ഉയരത്തിലുള്ള പാലത്തിൽ കയറിയാൽ ഏകദേശം അരമണിക്കൂർ വരെ ചെലവഴിക്കാൻ സാധിക്കും. ഒരു സമയത്ത് മൂന്നോ നാലോ ആളുകൾക്ക് മാത്രമാണ് ഇതിൽ കയറുവാൻ സാധിക്കുക. മേപ്പാടിയിൽ നിന്നും 14 കിലോമീറ്റർ അകലെയാണ് 900 കണ്ടി ഗ്ലാസ് ബ്രിഡ്ജ് സ്ഥിതി ചെയ്യുന്നത്.
















Comments