കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന വാദം തള്ളി സിബിഐ. അപകടത്തിന് കാരണമായത് ഡ്രൈവറുടെ അശ്രദ്ധയാണെന്നും അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു. കേസിൽ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ പിതാവ് കെസി ഉണ്ണി നൽകിയ ഹർജിയിലാണ് സിബിഐ ഇക്കാര്യം അറിയിച്ചത്.
ബാലഭാസ്‌കറിന്റെ മരണത്തിന് കാരണമായ വാഹനാപകടം ഉണ്ടായപ്പോൾ ഡ്രൈവർ അർജുൻ നാരായണൻ അമിതവേഗതയിലാണ് വാഹനമോടിച്ചിരുന്നത്. ഇതാണ് അപകടത്തിൽ കലാശിച്ചതെന്ന് സിബിഐ കോടതിയെ അറിയിച്ചു. കേസിൽ മൂന്ന് സാക്ഷികളെ ഇതുവരെ വിസ്തരിച്ചതായും വിചാരണ തുടരാൻ അനുവദിക്കണമെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്. കെസി ഉണ്ണി കോടതിയെ സമീപിച്ചതിന് പിന്നാലെ കേസിന്റെ വിചാരണ നടപടികൾ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.
ഹൈക്കോടതി ഹർജി വിധി പറയാൻ മാറ്റി. അതുവരെ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ നടക്കുന്ന കേസിന്റെ വിചാരണ നിർത്തിവെയ്‌ക്കണമെന്ന ഇടക്കാല ഉത്തരവ് തുടരുമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ഹർജി പരിഗണിച്ചത്. ബാലഭാസ്‌കറും സംഘവും സഞ്ചരിച്ചിരുന്ന കാറിന് പിന്നാലെയുണ്ടായിരുന്ന കെഎസ്ആർടിസി ബസ് അപകടം നടന്നയുടനെ സംഭവസ്ഥലത്ത് എത്തിയിരുന്നു. സംഘത്തെ ആരും ആക്രമിക്കുന്നത് കണ്ടതായി ബസ് ഡ്രൈവറിന്റെ മൊഴിയിൽ ഇല്ല. കാറിലുണ്ടായിരുന്ന ബാലഭാസ്‌കറിന്റെ ഭാര്യയും ഇത്തരത്തിൽ പരാതി ഉന്നയിച്ചിട്ടില്ല. കലാഭവൻ സോബിയുടെ വെളിപ്പെടുത്തൽ പബ്ലിസിറ്റിക്കുവേണ്ടി മാത്രമാണെന്നും സിബിഐ അഭിഭാഷകൻ അറിയിച്ചു. അപകടസ്ഥലത്ത് സംഗീതപ്രമുഖനെ കണ്ടെന്നായിരുന്നു സോബിയുടെ വെളിപ്പെടുത്തൽ.
2018 സെപ്റ്റംബർ 24-നാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച വാഹനം അപടത്തിൽപ്പെട്ടത്. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ നിന്നും മടങ്ങും വഴി തിരുവനന്തപുരം പള്ളിപ്പുറത്തിനു് സമീപമായിരുന്നു അപകടം നടന്നത്. രണ്ടു വയസുകാരിയായ മകൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ദിവസങ്ങൾക്ക് ശേഷമാണ് ബാലഭാസ്കർ മരണത്തിന് കീഴടങ്ങുന്നത്.
















Comments