പാലക്കാട്: ചെർപ്പുളശ്ശരേിയിൽ 48.5 ലിറ്റർ വിദേശമദ്യവുമായി എഞ്ചിനീയറിംഗ് ബിരുദധാരികളായ യുവാക്കൾ പിടിയിൽ. തൃക്കടീരി സ്വദേശി മുഹമ്മദ് സലീം, വീരമംഗലം വലിയ വീട്ടിൽ സനൂപ് എന്നിവരെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്.
അട്ടപ്പാടിയിലേക്ക് ജീപ്പിൽ കടത്തുകയായിരുന്ന മദ്യവുമായിട്ടാണ് ഇരുവരും പിടിയിലായത്. പോകുന്ന വഴിയിൽ വാഹന പരിശോധന കണ്ട ഇവർ എക്‌സൈസിന്റെ കണ്ണുവെട്ടിച്ച് കടന്നുകളയാനും ശ്രമിച്ചു. ഇതിനിടയിലാണ് ഇരുവരും പിടിയിലാവുന്നത്. എഞ്ചിനീയറിംഗ് വിദ്യാർത്ഥികളായ ഇരുവരും ലഹരി ഉപയോഗിക്കുന്നതിന് പണം കണ്ടെത്തുന്നതിനായി പതിവായി ലഹരി വിൽപനയിലും പങ്കാളികളാണെന്ന് എക്‌സൈസ് അറിയിച്ചു. അര ലിറ്ററിന്റെ 97 കുപ്പികളിലായാണ് മദ്യം എക്‌സൈസ് കണ്ടെത്തിയത്.
ബീവറേജസ് ഔട്ട്‌ലെറ്റ്‌സിൽ നിന്നും വാങ്ങിയ മദ്യം അട്ടപ്പാടിയിൽ കൂടിയ വിലയ്‌ക്ക് വിൽക്കാനായിരുന്നു ഇരുവരും ലക്ഷ്യമിട്ടിരുന്നത്. ചെർപ്പുളശ്ശേരി റേഞ്ച് എക്‌സൈസ് പ്രിവന്റ് ഓഫീസർ കെ. വസന്തകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ, പ്രതികൾ മദ്യം കടത്താൻ ഉപയോഗിച്ച ജീപ്പും കസ്റ്റഡിയിലെടുത്തതായി എക്‌സൈസ് അറിയിച്ചു.
Comments