തിരുവനന്തപുരം: ഈ മാസം അഞ്ചാം തീയതി വിതരണം ചെയ്യേണ്ട കെഎസ്ആർടിസി ജീവനക്കാരുടെ ഓഗസ്റ്റ് മാസത്തെ ശമ്പളത്തിലെ ആദ്യത്തെ ഗഡു മുടങ്ങി. കഴിഞ്ഞ മൂന്ന് മാസമായി ജീവനക്കാർക്ക് വളരെ വൈകിയാണ് ശമ്പളം എത്തുന്നത്. ഇതോടെ സമരത്തിലേയ്‌ക്ക് നീങ്ങാനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം.
സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാണിച്ച് രണ്ട് ഗഡുക്കളായാണ് ശമ്പളം വിതരണം ചെയ്യുന്നത്. കഴിഞ്ഞ മാസം കെഎസ്ആർടിസി വരുമാനത്തിൽ റെക്കോഡ് വർദ്ധനവുണ്ടായിട്ടും ശമ്പളം വൈകുന്നത് അംഗീകരിക്കാൻ കഴിയുന്നില്ലെന്ന് ജീവനക്കാർ പറയുന്നു. ശമ്പളം വൈകുന്നതിൽ കടുത്ത പ്രതിഷേധത്തിലാണ് ജീവനക്കാർ. ശമ്പളം ഇനിയും വൈകിയാൽ തെരുവിലിറങ്ങുമെന്നും തൊഴിലാളി സംഘടനകൾ അറിയിച്ചു.
എല്ലാ മാസവും അഞ്ചിന് ശമ്പളത്തിന്റെ ആദ്യ ഗഡുവും 15-ാം തീയതി രണ്ടാം ഗഡുവും നൽകുമെന്നായിരുന്നു മാനേജ്‌മെന്റിന്റെ ഉറപ്പ്. എന്നാൽ കഴിഞ്ഞ മൂന്ന് മാസമായി വാക്ക് പാലിക്കാൻ മാനേജ്‌മെന്റിനായിട്ടില്ല. ഓണക്കാലത്ത് ജീവനക്കാർക്ക് കിട്ടേണ്ട ആനുകൂല്യങ്ങൾ പോലും വലിയ പ്രതിഷേധങ്ങൾക്കൊടുവിലാണ് കിട്ടിയത്. നാളെ മുതൽ വൻ പ്രതിഷേധങ്ങളിലേയ്‌ക്ക് നീങ്ങാനാണ് ജീവനക്കാരുടെ തീരുമാനം.
Comments