കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടറെ ലൈംഗിക അതിക്രമത്തിനിരയാക്കിയ ഡോ. മനോജിനെതിരെ വീണ്ടും കേസ്. 2018 ആശുപത്രിയിൽ ജോലി ചെയ്തിരുന്ന മറ്റൊരു വനിതാ ഡോക്ടറാണ് പരാതിയുമായി എത്തിയിരിക്കുന്നത്. ഇമെയിൽ വഴിയാണ് ഇവർ പരാതി സമർപ്പിച്ചത്. ജനറൽ മെഡിസിൻ വിഭാഗം മേധാവിയായിരുന്ന ഡോ. മനോജ് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.
എറണാകുളം സെൻട്രൽ പോലീസിനാണ് ഇവർ പരാതി നൽകിയിരിക്കുന്നത്. ഡോ. മനോജിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പരാതിക്കാരിയുടെ മൊഴിയെടുത്ത ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുകയെന്ന് പോലീസ് അറിയിച്ചു. എറണാകുളം ജനറൽ ആശുപത്രിയിൽ 2019 ൽ ജനറൽ മെഡിസിൻ വിഭാഗം മേധാവിയായിരുന്ന ഡോ. മനോജിനെതിരെ നേരത്തെ ബലാത്സംഗകുറ്റം ചുമത്തിയാണ് കേസെടുത്തത്. ഹൗസ് സർജൻസിയിൽ ഇന്റേൺഷിപ്പ് ചെയ്തിരുന്ന വനിതാ ഡോക്ടറെക്കെതിരെയായിരുന്നു ഇയാളുടെ ലൈംഗികാതിക്രമം.
ഫേസ്ബുക്കിൽ താൻ നേരിട്ട ലൈംഗിക അതിക്രമം വിവരിച്ച് വനിതാ ഡോക്ടർ ഒരു കുറിപ്പിട്ടിരുന്നു. പിന്നീടാണ് പോലീസിൽ പരാതി നൽകിയത്. ഇതിന് പിന്നാലെ ആരോഗ്യമന്ത്രിയടക്കം ഇടപെട്ട് കർശന നടപടിയെടുക്കാൻ നിർദ്ദേശം നൽകി. പിന്നാലെയാണ് വനിത ഡോക്ടർ ഇ-മെയിൽ വഴി പരാതി സമർപ്പിച്ചത്. നിലവിൽ ആലുവ ജില്ലാ ആശുപത്രിയിൽ ജോലി ചെയ്യുകയാണ് ഡോക്ടർ മനോജ്.
















Comments