ബെംഗളുരു : സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് മാത്രം വാഹനം വാങ്ങുന്നതിന് വിലയുടെ 50 % സബ്‌സിഡി പ്രഖ്യാപിച്ച് കർണാടക സർക്കാർ. ഓട്ടോറിക്ഷകൾ, ടാക്സികൾ അല്ലെങ്കിൽ ചരക്ക് വാഹനങ്ങൾ എന്നിവ വാങ്ങുന്നതിന് കർണാടകയിലെ ന്യൂനപക്ഷ സമുദായങ്ങൾക്കു മാത്രമാണ് ഈ സബ്‌സിഡി നൽകുക. ബാക്കി തുക ദേശസാൽകൃത ബാങ്കിൽ നിന്നോ ഷെഡ്യൂൾഡ് ബാങ്കിൽ നിന്നോ വായ്‌പ്പാ എടുക്കുന്നതിനു സർക്കാർ അവരെ സഹായിക്കും.
കർണാടകത്തിൽ സ്ഥിരതാമസക്കാരനായ , മതന്യൂനപക്ഷ സമുദായത്തിൽ പെട്ടവരായവർക്കാണ് സബ്സിഡി നൽകുക . ഇവ കൂടാതെ, വ്യക്തിയുടെ വാർഷിക വരുമാനം പ്രതിവർഷം 4.50 ലക്ഷം രൂപയിൽ താഴെയായിരിക്കണമെന്നും പറയുന്നു . കർണാടക മൈനോറിറ്റീസ് ഡവല്പപ്മെന്റ് കോർപറേഷൻ വെബ് സൈറ്റിൽ ഈ പ്രീണന പദ്ധതിയുടെ വിശദ വിവരങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കർണാടകത്തിൽ ഹിന്ദുക്കൾ ഒഴികെ മറ്റെല്ലാ മതസ്ഥരും ന്യൂനപക്ഷ പദവി ഉള്ളവരാണ്. അതുകൊണ്ട് ഫലത്തിൽ ഈ പദ്ധതി വാഹനം വാങ്ങിക്കാൻ ഹിന്ദുക്കൾ ഒഴികെ ഉള്ളവർക്ക് സർക്കാർ 50 % തുക നൽകും എന്ന രീതിയിലേക്ക് മാറിയിരിക്കുകയാണ്.

സ്‌കീം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന ഏതൊരാളും ആദ്യം വിലയുടേ 10% മുൻകൂർ പേയ്‌മെന്റ് നടത്തണം. തുടർന്ന് സർക്കാർ വാഹനവിലയുടെ പകുതി അല്ലെങ്കിൽ മൂന്ന് ലക്ഷം രൂപ സബ്‌സിഡി നൽകുകയും ബാക്കി തുകയ്‌ക്ക് ബാങ്ക് വായ്പ നൽകുകയും ചെയ്യും . അതേസമയം ഇത്തരമൊരു പദ്ധതി മതന്യൂനപക്ഷങ്ങൾക്ക് മാത്രമായി നിജപ്പെടുത്തിയ സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണുയരുന്നത് .
പ്രീണന രാഷ്‌ട്രീയമാണിതെന്നും മതം ലക്ഷ്യമിട്ടുള്ള പദ്ധതിയാണെന്നും ബിജെപി അഭിപ്രായപ്പെട്ടു . ‘ കർണാടകയിലെ മധ്യവർഗം ന്യൂനപക്ഷങ്ങൾക്കായി പ്രത്യേകം രൂപകല്പന ചെയ്ത ‘മത ലക്ഷ്യ പദ്ധതി’ക്ക് ധനസഹായം നൽകും. വാഹനങ്ങൾ വാങ്ങാൻ സബ്‌സിഡിയായി 3 ലക്ഷം രൂപ നൽകും. കഠിനാധ്വാനികളായ നികുതി അടക്കുന്ന ഇടത്തരം കുടുംബങ്ങളെ തുരങ്കം വെക്കുക എന്നാണിതിന്റെ ഉദ്ദേശ്യമെന്ന് ബി.ജെ.പി നേതാവ് തേജസ്വി സൂര്യ പറഞ്ഞു.
















Comments