ഡൽഹി: ജി20 ഉച്ചകോടിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് ദക്ഷിണാഫ്രിക്കൻ വിദേശകാര്യ മന്ത്രി നലേഡി പണ്ടോർ. ഭാരതത്തെ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തുന്നതിൽ സുപ്രധാന പങ്ക് വഹിച്ച വ്യക്തികളാണ് മഹാത്മാഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുമെന്ന് നലേഡി പണ്ടോർ പറഞ്ഞു. അഹിംസ എന്ന ആശയം കൊണ്ട് ലോകത്തിന് മുന്നിൽ ഭാരതത്തെ മഹാത്മാഗാന്ധി അടയാളപ്പെടുത്തിയപ്പോൾ, ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിലൊന്നാക്കി ഭാരതത്തെ മാറ്റുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ദക്ഷിണാഫ്രിക്കൻ വിദേശകാര്യ മന്ത്രി പ്രശംസിച്ചു.
നരേന്ദ്രമോദിക്ക് മുമ്പുള്ള പ്രധാനമന്ത്രിമാരും പ്രധാന പങ്ക് വഹിച്ചു. എന്നാൽ, ഭാരതത്തിന്റെ ഐഡന്റിറ്റി വികസിപ്പിക്കാനും അതിനെ ഒരു ബ്രാൻഡാക്കി മാറ്റാനും പ്രധാനമന്ത്രിക്ക് നരേന്ദ്രമോദിക്ക് കഴിഞ്ഞു. ആഫ്രിക്കൻ യൂണിയനെ (എയു) ഗ്രൂപ്പ് ജി20-യിൽ ഉൾപ്പെടുത്തിയതിന് ഭാരതത്തിനും നരേന്ദ്രമോദിക്കും ഞങ്ങൾ നന്ദി പറയുന്നു.
യുക്രെയ്ൻ യുദ്ധത്തെ ചൊല്ലി രാജ്യങ്ങൾ തമ്മിൽ തർക്കമുണ്ടായെങ്കിലും നൂറ് ശതമാനം സമവായത്തോടെ ഭാരതത്തിന്റെ പ്രഖ്യാപനം ലോകരാഷ്‌ട്രങ്ങളെല്ലാം അംഗീകരിച്ചു. ഇന്നത്തെ യുഗം യുദ്ധമായിരിക്കരുത് എന്നതായിരുന്നു പ്രഖ്യാപനം. ഈ പ്രഖ്യാപനത്തിൽ സമവായം കൊണ്ടുവന്നതിനുള്ള എല്ലാ ക്രെഡിറ്റും ഭാരതത്തിനും മോദിക്കുമുള്ളതാണ്- നലേഡി പണ്ടോർ പറഞ്ഞു.
Comments