ഡൽഹി: ഇന്ത്യൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ ചൗധരി ഇന്ന് സ്പെയിനിൽ എത്തും. ഭാരതത്തിനായി ആഗോള വിമാന നിർമ്മാതാക്കളായ എയർബസ് നിർമ്മിച്ച ആദ്യത്തെ സി-295 ട്രാൻസ്‌പോർട്ട് വിമാനം ഏറ്റുവാങ്ങാനാണ് വ്യോമസേനാ മേധാവിയുടെ സ്പെയിൻ സന്ദർശനം. 56 വിമാനങ്ങൾക്കായാണ് ഇന്ത്യൻ എയർഫോഴ്‌സ് കരാർ ഒപ്പിട്ടിരിക്കുന്നത്. ഇതിൽ 16 എണ്ണം സ്പെയിനിലും ബാക്കി 40 എണ്ണം ടാറ്റയുടെയും എയർബസിന്റെയും സംയുക്ത സംരംഭമായ ഗുജറാത്തിലെ വഡോദരയിലുമാണ് നിർമ്മിക്കുന്നത്. ദിവസങ്ങൾക്കുള്ളിൽ C-295 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് ഭാരതത്തിലെത്തും.
എയർബസിൽ നിന്നുള്ള ആദ്യത്തെ വിമാനം ബുധനാഴ്ച സ്‌പെയിനിലെ സെവില്ലിൽ നിന്നാണ് ഇന്ത്യൻ വ്യോമസേനാ മേധാവി ഏറ്റുവാങ്ങുന്നത്. ചടങ്ങിന് ശേഷം ഈ വിമാനത്തിലാണ് അദ്ദേഹം തിരികെ ഭാരതത്തിലേയ്‌ക്ക് എത്തുന്നത്. ഭാരതം ഓർഡർ ചെയ്ത 16 വിമാനങ്ങളിൽ ആദ്യത്തേതാണ് ഇത്. ഇന്ത്യൻ പ്രതിരോധ മന്ത്രാലയവും സ്പെയിനിലെ എയർബസ് ഡിഫൻസ് ആൻഡ് സ്പേസും 2021 സെപ്തംബറിലാണ് ഇന്ത്യൻ വ്യോമസേനയ്‌ക്കായി 56 സി-295 വിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാറിൽ ഒപ്പുവച്ചത്. സി-295 മെഗാവാട്ട് വിമാനം 5-10 ടൺ ശേഷിയുള്ള ഒരു ഗതാഗത വിമാനമാണ്. ഇന്ത്യൻ വ്യോമസേനയുടെ പഴകിയ അവ്രൊ വിമാനം മാറ്റി സി-295 ഉപയോഗിക്കും.
കരാർ ഒപ്പിട്ട് 48 മാസത്തിനുള്ളിൽ 16 വിമാനങ്ങൾ സ്പെയിനിൽ നിന്ന് ഭാരതത്തിൽ എത്തിക്കും. കരാർ ഒപ്പിട്ട് പത്ത് വർഷത്തിനുള്ളിൽ ടാറ്റ കൺസോർഷ്യം നാൽപത് വിമാനങ്ങളും ഭാരതത്തിൽ നിർമ്മിക്കും. ഒരു സ്വകാര്യ കമ്പനി ഭാരതത്തിൽ സൈനിക വിമാനം നിർമ്മിക്കുന്ന ആദ്യ പദ്ധതിയാണിത്. 56 വിമാനങ്ങളിലും തദ്ദേശീയമായ ഇലക്ട്രോണിക് വാർഫെയർ സ്യൂട്ടാണ് സ്ഥാപിക്കുന്നത്. ഈ പദ്ധതി ഇന്ത്യയിലെ എയ്‌റോസ്‌പേസ് ഇക്കോസിസ്റ്റത്തിന് ഉത്തേജനം നൽകും. രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന നിരവധി എംഎസ്‌എംഇകൾ വിമാന ഭാഗങ്ങളുടെ നിർമ്മാണത്തിൽ ഏർപ്പെടും.
















Comments