ഡൽഹി: ചൈനയുടെ സ്വപ്ന പദ്ധതിയായ ബെൽറ്റ് ആൻഡ് റോഡ് കരാറിൽ നിന്നും പിന്മാറാൻ ഒരുങ്ങി ഇറ്റലി. ഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിക്കിടെ ഇറ്റലി പ്രധാനമന്ത്രി ജോർജ മെലോനി, ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ്ങുമായി ഇതു സംബന്ധിച്ച് ചർച്ച നടത്തിയതായാണ് റിപ്പോർട്ടുകൾ. ബെൽറ്റ് ആൻഡ് റോഡ് പദ്ധതി വിടണമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉടനെ ഉണ്ടാകും. പദ്ധതിയിൽ നിന്നും ഇറ്റലി പിന്മാറിയാൽ ചൈനക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാകുന്നത്.
ശനിയാഴ്ച നടന്ന കൂടിക്കാഴ്ചയിലാണ്, ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിൽ നിന്നും ഇറ്റലി പിന്മാറാൻ ആഗ്രഹിക്കുന്നതായി മെലോനി അറിയിച്ചത്. എന്നാൽ, ചൈനയുമായി നല്ല ബന്ധം നിലനിർത്താൻ ആഗ്രഹിക്കുന്നു എന്നും ഇറ്റലി വ്യക്തമാക്കി. പദ്ധതിയുടെ പേരിൽ യുഎസുമായുള്ള നയതന്ത്ര ബന്ധം വഷളായേക്കുമെന്ന വിലയിരുത്തലിലാണ് ഇറ്റലിയുടെ മനംമാറ്റം. വിവിധ രാജ്യങ്ങളെ ബന്ധിപ്പിച്ചുള്ള ചൈനയുടെ വൻകിട വാണിജ്യ ശൃംഖലയായ ‘ബെൽറ്റ് ആൻഡ് റോഡ്’കരാറിൽ 2019-ലാണ് ഇറ്റലി ഔദ്യോഗികമായി ഒപ്പുവച്ചത്.
ചൈനയുടെ ഈ ‘ബെൽറ്റ് ആൻഡ് റോഡ്’ പദ്ധതിക്ക് ബദലായി ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയ്‌ക്ക് ജി20 ഉച്ചകോടിയിൽ ധാരണയായിരുന്നു. ഇന്ത്യയിൽ തുടങ്ങി യൂറോപ്പിലേക്ക് നീളുന്ന സാമ്പത്തിക ഇടനാഴി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത് ചൈനയ്‌ക്ക് ക്ഷീണം ഉണ്ടാക്കിയിരുന്നു. ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും യൂറോപ്യൻ കമ്മിഷൻ അദ്ധ്യക്ഷ ഉർസുല വോൺഡെർ ലെയ്നുമാണ് പ്രഖ്യാപനം നടത്തിയത്. ഇതിന് പിന്നാലെയാണ് ബെൽറ്റ് ആൻഡ് റോഡ് കരാറിൽ നിന്നും ഇറ്റലി പിന്മാറുന്നു എന്ന റിപ്പോർട്ടും വന്നിരിക്കുന്നത്.
















Comments