ന്യൂഡൽഹി: ജി20 ഉച്ചകോടിയിലൂടെ ഇന്ത്യ ലോകത്തിന്റെ നെറുകയിൽ നിൽക്കുമ്പോൾ പ്രതിപക്ഷ നേതാക്കളും കേന്ദ്ര സർക്കാരിന് അഭിനന്ദനമറിയിക്കുകയാണ്. നിസംശയം പറായം, ഇത് ഇന്ത്യയുടെ നയതന്ത്ര വിജയത്തിന്റെ ആഘോഷമാണ് എന്നാണ് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ പറഞ്ഞത്. വലിയ നേട്ടമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യ-യുക്രെയ്ൻ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലും റഷ്യയും ചൈനയും പങ്കെടുക്കാത്ത സാഹചര്യത്തിലും ഉച്ചകോടിയിൽ സമവായം ഉണ്ടാകില്ലെന്നാണ് താൻ കരുതിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ദ്വിദിന ഉച്ചകോടി സമവായത്തിൽ അവസാനിച്ചത് ഇന്ത്യയുടെ ശക്തമായ നയതന്ത്രത്തിന്റെ വിജയമാണ്. ജി20 യുടെ അദ്ധ്യക്ഷപദവി വഹിച്ചിരുന്ന രാജ്യങ്ങൾ ഒന്നും തന്നെ ചെയ്യാതിരുന്ന പ്രധാന കാര്യം രാജ്യം ചെയ്തുവെന്നും അദ്ദേഹം സൂചിപ്പിച്ചു. 58 നഗരങ്ങളിൽ 200-ലധികം യോഗങ്ങൾ സംഘടിപ്പിച്ചത് ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. പൊതുജന പങ്കാളിത്തത്തോടെ നിരവധി ജി20 യോഗങ്ങൾ കേന്ദ്ര സർക്കാർ സംഘടിപ്പിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
റഷ്യ-യുക്രെയ്ൻ സംഘർഷത്തെ അപലപിക്കാൻ ആഗ്രഹിക്കുന്നവരും വിഷയത്തെ കുറിച്ച് യാതൊരു വിധ പരാമർശം നടത്താതിരുന്നവരും തമ്മിൽ വലിയ അന്തരമാണ് ഉണ്ടായിരുന്നത്. എന്നാൽ ആ വിടവ് നികത്താൻ ഒരു ഫോർമൂല കണ്ടെത്താൻ ഇന്ത്യയ്‌ക്കായി. ഇതൊരു സുപ്രധാന നയതന്ത്ര നേട്ടമാണ്. ലോക നേതാക്കൾ പങ്കെടുത്ത ജി20-യെ ജനങ്ങളുടെ ജി20 ആക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ ഇന്ത്യയുടെ ജി20 ഷെർപ്പ അമിതാഭ് കാന്തിനെയും ശശി തരൂർ പ്രശംസിച്ചിരുന്നു. റഷ്യ-യുക്രെയ്ൻ സംഘർഷത്തിൽ സമവായം സൃഷ്ടിക്കുന്നതിനായി അമിതാഭ് കാന്തിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചകളും കൂടിക്കാഴ്ചകളെയും പ്രശംസിച്ചിരുന്നു. ‘ഐഎഎസ് തിരഞ്ഞെടുത്തപ്പോൾ ഐഎഫ്എസിന് നഷ്ടമായത് ഒരു മികച്ച നയതജ്ഞ്രനെയാണ്. ചൈനയും റഷ്യയുമായി ചർച്ചകൾ അവസാനിച്ചത് ഉച്ചകോടിയുടെ തലേ രാത്രി മാത്രമായിരുന്നുവെന്ന് അമിതാഭ് കാന്ത് തന്നെ പറയുന്നു. ഇന്ത്യയുടെ അഭിമാന നിമിഷമാണ് ഇത്’- ശശി തരൂർ എക്സിൽ കുറിച്ചു.
















Comments